ആഭ്യന്തര-വിദേശ വിനോദ സഞ്ചാരികളെ ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ വിശാഖപട്ടണത്ത് നിന്നും ആഡംബര സർവീസ് ആരംഭിച്ച് കോർഡേലിയ ക്രൂയിസ് എംവി എംപ്രസ്. ജൂൺ 8, 15, 22 തീയതികളിൽ വിശാഖപട്ടണത്ത് നിന്ന് ചെന്നൈയിലേക്കും പുതുച്ചേരിയിലേക്കുമാണ് 36 മണിക്കൂർ നീളുന്ന ആഡംബരയാത്ര നടത്തുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പലുകളിലൊന്നാണ് കോർഡേലിയ ക്രൂയിസ്.
വായിൽ വെള്ളമൂറുന്ന ദേശീയ, അന്തർദേശീയ ഭക്ഷണങ്ങൾ, ത്രസിപ്പിക്കുന്ന സാഹസിക വിനോദങ്ങൾ എന്നിവ ഉൾപ്പടെ കരയിൽ ലഭിക്കാവുന്ന എല്ലാ വിനോദ ഉപാധികളും കോർഡേലിയയിലും ലഭ്യമാണ്. ഒരേ സമയം 1500 പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന കപ്പലിൽ ആകെ 11 നിലകളാണുള്ളത്. മൂന്നാം നിലയിൽ നിന്നാണ് പാസഞ്ചർ ലോഞ്ച് ആരംഭിക്കുന്നത്. അവിടെ നിന്ന് പത്താം നിലയിലേക്ക് ലിഫ്റ്റിന്‍റെ സഹായത്തോടെ നീങ്ങാൻ സാധിക്കും.
ഫുഡ് കോർട്ടുകൾ, സ്റ്റാർലൈറ്റ് റെസ്റ്റോറന്‍റ്, നീന്തൽക്കുളം, ഫിറ്റ്‌നസ് സെന്‍റർ, ലോഞ്ചുകൾ, ഡിജെ പാർട്ടികൾ, കാസിനോ, ലൈവ് ഷോകൾ, കോർഡേലിയ അക്കാദമി ഫോർ കിഡ്‌സ്, ജെയിൻ ഫുഡ്, റോക്ക് ക്ലൈംബിങ് എന്നിവയും കപ്പലിലുണ്ട്. ഇവ കൂടാതെ ജിമ്മുകൾ, നീന്തൽക്കുളങ്ങൾ, കാസിനോകൾ, കോമഡി ഷോകൾക്കുള്ള ഓഡിറ്റോറിയങ്ങൾ, സിനിമ തിയേറ്ററുകൾ, 24 മണിക്കൂറും പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റ് എന്നിവയുമുണ്ട്.
പത്താം നിലയിൽ ഒരു വലിയ ടെറസിന് സമാനമായ ഡെക്ക് ഉണ്ട്. പതിനൊന്നാം നിലയിൽ സൂര്യോദയവും സൂര്യാസ്തമയവും കാണാൻ മറ്റൊരു ഡെക്കും പ്രത്യേകമായി സജ്ജീകരിച്ചിട്ടുണ്ട്. മൂന്നാം നില മുതൽ ഒമ്പതാം നില വരെയാണ് സഞ്ചാരികൾക്കായുള്ള മുറികൾ സജ്ജമാക്കിയിട്ടുള്ളത്. സാധാരണ മുറികളിലും സ്യൂട്ടുകളിലും ഫൈവ് സ്റ്റാർ ഹോട്ടലിന്‍റെ അതേ നിലവാരത്തിലുള്ള വൃത്തിയും ഡൈനിങ് സൗകര്യവുമാണ് ഒരുക്കിയിട്ടുള്ളത്.
ക്രൂയിസ് യാത്രക്കായുള്ള ടിക്കറ്റുകൾ ഓൺലൈനായാണ് ബുക്ക് ചെയ്യേണ്ടത്. സൗകര്യങ്ങൾക്കനുസരിച്ച് 27,000 മുതൽ 1.27 ലക്ഷം രൂപ വരെയാണ് ഓരോ മുറികളുടെയും വില. ട്രിൽലോഫോബിയ, യാത്ര തുടങ്ങിയ ഓൺലൈൻ ട്രാവൽ കമ്പനികൾ ടിക്കറ്റുകൾക്ക് ചില കിഴിവുകളിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഒന്ന് മുതൽ 12 വയസുവരെയുള്ള കുട്ടികൾക്ക് കപ്പലിൽ സൗജന്യ യാത്രയും അനുവദിച്ചിട്ടുണ്ട്.