ബെംഗളൂരു (കർണാടക) : അനുവദനീയമായ ഡെസിബെൽ പരിധിയിൽ ഉച്ചഭാഷിണി ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് മസ്‌ജിദുകള്‍, ക്ഷേത്രങ്ങൾ, പള്ളികൾ ഉൾപ്പടെ 301 സ്ഥാപനങ്ങൾക്ക് നോട്ടിസ് അയച്ച് ബെംഗളൂരു പൊലീസ്. 83 ക്ഷേത്രങ്ങൾക്കും 22 ക്രിസ്‌ത്യൻ പള്ളികൾക്കും 125 മുസ്ലിം പള്ളികൾക്കുമാണ് നോട്ടിസ് നൽകിയത്.12 വ്യവസായ സ്ഥാപനങ്ങൾക്കും പബ്ബുകൾ, ബാറുകൾ, റസ്റ്റോറന്‍റുകള്‍ അടക്കം 59 ഉല്ലാസ കേന്ദ്രങ്ങള്‍ക്കും നോട്ടിസ് നല്‍കിയിട്ടുണ്ട്.
ശബ്‌ദമലിനീകരണ നിയമങ്ങൾ ലംഘിക്കുന്ന ഉച്ചഭാഷിണികളുടെ ഉപയോഗം നിർത്തലാക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. പൊലീസിൽ നിന്ന് നോട്ടിസ് ലഭിച്ചിട്ടുണ്ടെന്നും ഉച്ചഭാഷിണിയുടെ ഡെസിബെല്ലുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം നൽകിയ ഉത്തരവ് പാലിക്കുമെന്നും ജാമിയ മസ്‌ജിദ് ഇമാം മൗലാന മഖ്‌സൂദ് ഇമ്രാൻ റാഷിദി പറഞ്ഞു. ശബ്‌ദം അനുവദനീയമായ അളവിൽ കൂടുന്നില്ലെന്നും ആർക്കും ശല്യമില്ലെന്നും ഉറപ്പാക്കുന്ന ഉപകരണം പള്ളികളിൽ ഘടിപ്പിച്ച് തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.
അതേസമയം, ഉച്ചഭാഷിണി വിഷയത്തിൽ കോൺഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയം നടത്തുകയാണെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആരോപിച്ചു. ഉച്ചഭാഷിണികളുടെ ശബ്‌ദം നിയന്ത്രിക്കുന്നതിൽ ഹൈക്കോടതി ഉത്തരവുണ്ടെന്നും ബാങ്കിന് മാത്രമല്ല, എല്ലാറ്റിനും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലെ രാഷ്‌ട്രീയ നേട്ടത്തിനായി ഭരണകക്ഷിയായ ബിജെപി വർഗീയ പ്രശ്‌നങ്ങൾ ഉപയോഗിച്ച് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചു. മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണികളെ സംബന്ധിച്ച വിവാദം വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബൊമ്മൈ സർക്കാരിന് തിരിച്ചടിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.