അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ ശ്രീകോവിലിൽ സ്ഥാപിക്കുന്ന ശ്രീരാമവിഗ്രഹത്തിന്‍റെ 90 ശതമാനം ജോലികളും പൂർത്തിയായി (Lord Ram Idol at Ayodhya). ഒക്‌ടോബർ 30 നകം രാമവിഗ്രഹം സജ്ജമാകുമെന്ന് പ്രമുഖ ശിൽപി വിപിൻ ബദൗരിയ പറഞ്ഞു. അന്നേ ദിവസം ട്രസ്റ്റ് അംഗങ്ങൾക്കായി വിഗ്രഹം ദർശനത്തിന് സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെറുപ്പക്കാലത്തെ രാമന്‍റെ രൂപത്തിലായിരിക്കും വിഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി (Ram idol will be in the form of a child).
ശ്രീരാമന്‍റെ മൂന്ന് വിഗ്രഹങ്ങളാണ് നിർമിക്കുന്നത്. ഈ മൂന്ന് വിഗ്രഹങ്ങളിൽ ഏറ്റവും മനോഹരമായത് തിരഞ്ഞെടുത്ത് രാമമന്ദിറിന്‍റെ ശ്രീകോവിലില്‍ സ്ഥാപിക്കും. രാമന്‍റെ വിഗ്രഹം എല്ലാവരെയും ആകർഷിക്കുന്നതായിരിക്കുമെന്ന് വിപിൻ ബദൗരിയ പറയുന്നു. രാമന്‍റെ വിഗ്രഹം ഭക്തർ സങ്കൽപ്പിക്കുന്നതിലും കൂടുതൽ ആകർഷകമാണ്. ഇതിനായി തങ്ങൾ കഠിനാധ്വാനം ചെയ്‌തു. 51 ഇഞ്ച് ഉയരമുള്ള രാമന്‍റെ വിഗ്രഹം ഒരു കുട്ടി രാമന്‍റെ രൂപത്തിലായിരിക്കും. വിഗ്രഹത്തിന്‍റെ ജോലി 90 ശതമാനം പൂർത്തിയായി. അമ്പും വില്ലും പിടിച്ച കുട്ടി രാമൻ ഒരു താമരയിൽ ഇരിക്കുന്ന ശില്‍പമാണ് രൂപകല്‍പന ചെയ്യുന്നത്. വിഗ്രഹത്തിന്‍റെ മിനുക്കുപണികൾ നടക്കുന്നു. ഒക്ടോബർ 30-നകം ഇത് പൂർത്തിയാകും. പിന്നീട് ട്രസ്റ്റ് വിഗ്രഹങ്ങൾ പരിശോധിക്കുമെന്നും ശിൽപി വിപിൻ ബദൗരിയ പറഞ്ഞു.
ALSO READ: അയോധ്യയില്‍ ശ്രീരാമ പ്രതിഷ്‌ഠ കര്‍മത്തിലേക്ക് മോദിക്ക് ക്ഷണം; അതിഥികളായി പതിനായിരം പേര്‍
അയോധ്യയിലെ രാമക്ഷേത്ര നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഉദ്ഘാടന ചടങ്ങിനുള്ള ക്രമീകരണങ്ങൾ നടന്നുവരികയാണ്. വിഗ്രഹം 2024 ജനുവരി 22 ന് പ്രതിഷ്‌ഠിക്കും. ട്രസ്റ്റ് അംഗങ്ങൾ ഉദ്ഘാടന ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചു. ഇതോടൊപ്പം നിരവധി സെലിബ്രിറ്റികൾക്ക് ക്ഷണക്കത്തുകളും അയച്ചിരുന്നു. ക്ഷേത്രം തുറക്കുന്നതിനുള്ള വിപുലമായ ഒരുക്കങ്ങൾ നടന്നുവരികയാണ്. ജനുവരി 15 മുതൽ 24 വരെയാണ് ഈ ആഘോഷങ്ങൾ നടക്കുകയെന്ന് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റോയ് അറിയിച്ചു.
ഈ ചടങ്ങില്‍ പങ്കെടുക്കാൻ പ്രത്യേക ക്ഷണമില്ലാതെ തന്നെ അനേകം ആളുകൾ അയോധ്യയിലെത്തുമെന്നാണ് ക്ഷേത്ര ട്രസ്റ്റ് കണക്കുകൂടുന്നത്. സദസില്‍ പതിനായിരം കസേരകൾ ക്രമീകരിക്കാനാണ് സംഘാടകരുടെ തീരുമാനം. ഇതുകൂടാതെ, പരിപാടിക്ക് മുന്നോടിയായി ക്ഷേത്ര പരിസരം വൃത്തിയും വെടിപ്പുമുള്ളതാക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തിവരികയാണ് ക്ഷേത്ര സമിതി. ചടങ്ങ് ലോകം മുഴുവൻ അറിയിച്ച് നടത്താനാണ് സംഘാടകരുടെ ശ്രമം. ഇതുമായി ബന്ധപ്പെട്ട് ഇന്ന് പ്രത്യേക യോഗം ചേർന്നു. രണ്ട് സിംഹങ്ങൾ, രണ്ട് ആനകൾ, ഒരു ഗരുഡൻ, ഹനുമാൻ എന്നീ വിഗ്രഹങ്ങൾ ക്ഷേത്രത്തിന്‍റെ കവാടത്തിൽ സ്ഥാപിക്കും. അടുത്ത മാസത്തോടെ വിഗ്രഹം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ഒരുക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
ALSO READ: 'പലസ്‌തീനെ അനുകൂലിക്കുന്ന എഎംയുവിലെ വിദ്യാർഥികൾക്കെതിരെ നടപടി വേണം' : അയോധ്യയിലെ പുരോഹിതർ