ന്യൂഡല്‍ഹി: മദ്യനയ കോഴക്കേസില്‍ മനീഷ് സിസോദിയ ഉള്‍പ്പെടെ 13 പേര്‍ക്കെതിരെ നടപടി കടുപ്പിച്ച് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (CBI) (സിബിഐ). കുറ്റാരോപിതര്‍ രാജ്യം വിടാതിരിക്കാനായി ലുക്ക് ഔട്ട് സര്‍ക്കുലറും (Look Out Circular) പുറപ്പെടുവിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച സിസോദിയയുടെ വീട്ടില്‍ ഉള്‍പ്പെടെ സംഘം തെരച്ചില്‍ നടത്തിയിരുന്നു.
എക്സൈസ് മന്ത്രിയായിരിക്കെ മദ്യ നയത്തില്‍ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട് കോഴവാങ്ങി എന്ന ആരോപണത്തെ തുടർന്നുണ്ടായ കേസ് പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു. ശനിയാഴ്ച സിസോദിയയെ വിളിച്ച് വരുത്തി സിബിഐ ചോദ്യം ചെയ്തിരുന്നു. പുതിയ മദ്യനയത്തിന്‍റെ ഭാഗമായി ലൈസൻസ് കിട്ടാൻ സിസോദിയയുടെ അടുപ്പക്കാർ മദ്യ വ്യാപാരികളിൽ നിന്നും കോടികൾ കോഴ വാങ്ങി എന്നാണ് സിബിഐ കേസ്.
മദ്യ ഔട്ട്‌ലെറ്റുകൾ സ്വകാര്യ മേഖലയ്ക്ക് അനുവദിച്ചതിൽ അഴിമതി നടന്നു, ലെഫ്റ്റനന്‍റ് ഗവർണ്ണറുടെ അനുമതിയില്ലാതെ നയത്തിൽ മാറ്റം വരുത്തിയത് സർക്കാരിന് നഷ്ടമുണ്ടാക്കി തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചാണ് മനീഷ് സിസോദിയ ഉൾപ്പെടെ 13 പേർക്കതിരെ സിബിഐ കേസെടുത്തത്. ഡല്‍ഹി എക്സൈസ് വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരും കേസില്‍ പ്രതികളാണ്. മുംബൈ മലയാളിയും വ്യവസായിയുമായ വിജയ് നായരാണ് കേസിലെ അഞ്ചാം പ്രതി. തെലങ്കാനയിൽ സ്ഥിരതാമസമാക്കിയ അരുൺ രാമചന്ദ്രപിള്ളയും പ്രതിയാണ്. അതേസമയം, മനീഷ് സിസോദിയക്കേതിരെ ഇഡിയും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അതേസമയം നടപടിക്ക് പിന്നാലെ സിബിഐയെ സിസോദിയ രംഗത്ത് എത്തി. നിരപരാധികളെ ലക്ഷ്യം വയ്ക്കാൻ സിബിഐയെ ദുരുപയോഗം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുമ്പ് നടത്തിയ പ്രസംഗത്തിലെ പരാമർശം ഉൾക്കൊള്ളുന്നതാണ് വീഡിയോ. 'കാലഘട്ടം പതിയെ മാറുന്നു, എങ്കിലും നിങ്ങളുടെ വേഗത കാറ്റിനെ പോലെ എന്നെ അമ്പരപ്പിക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പുറത്തുവിട്ടത്.
Also Read: കല്‍ക്കരി ക്ഷാമം; കേന്ദ്രസർക്കാർ സത്യം മറയ്ക്കുന്നുവെന്ന് മനീഷ് സിസോദിയ