ന്യൂഡല്‍ഹി : ലോക്‌സഭയിലേക്ക് അതിക്രമിച്ച് കടന്നവര്‍ക്ക് പാസ് നല്‍കിയത് ബിജെപി എംപിയെന്ന് കണ്ടെത്തല്‍. മൈസൂരുവില്‍ നിന്നുള്ള എംപി പ്രതാപ് സിംഹയാണ് അക്രമികള്‍ക്ക് പാസ് നല്‍കിയത്. സംഭവത്തില്‍ ഊര്‍ജിതമായ അന്വേഷണം നടത്തുമെന്ന് ലോക്‌സഭ സ്‌പീക്കര്‍ ഓം ബിര്‍ള വ്യക്തമാക്കി (BJP MP Prathap Simha in Parliament attack).
പാര്‍ലമെന്‍റില്‍ അതിക്രമിച്ച് കടന്ന സംഭവത്തില്‍ രണ്ട് പേരാണ് പിടിയിലായത്. മൈസൂരു സ്വദേശിയായ മനോരഞ്ജന്‍ കൂട്ടാളിയായ സാഗര്‍ ശര്‍മ്മ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും എംപി പ്രതാപ് സിംഹയുടെ ഓഫിസിലെത്തിയാണ് പാസ് കൈപ്പറ്റിയത് (Parliament Attack Case).
മനോരഞ്ജൻ നിരന്തരം എംപിയുടെ ഓഫിസിലെത്തി പാസ് ആവശ്യപ്പെട്ടിരുന്നു. പുതിയ പാര്‍ലമെന്‍റ് സന്ദര്‍ശിക്കാനെന്ന വ്യാജേനയാണ് ഇയാള്‍ പാസ് ആവശ്യപ്പെട്ടത്. ഓഫിസിലെത്തിയ ഇയാള്‍ കൂട്ടാളിയായ സാഗറിനും പാസ് വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
മനോരഞ്ജനെ എംപിയ്‌ക്ക് നേരത്തെ അറിയാമായിരുന്നു. അതുകൊണ്ടാണ് പാസ് അനുവദിച്ചത്. മനോരഞ്ജന്‍റെ നിരന്തരം ഓഫിസ് സന്ദര്‍ശനത്തെ തുടര്‍ന്ന് മൂന്ന് പാസാണ് ഓഫിസില്‍ നിന്നും അനുവദിച്ചത്. എന്നാല്‍ മൂന്നാമത്തെ പാസ് ആര്‍ക്ക് നല്‍കിയെന്ന കാര്യത്തില്‍ വ്യക്തതയില്ല (Lok Sabha chamber).
കഴിഞ്ഞ മൂന്ന് മാസമായി മനോരഞ്ജന്‍ പാസിനായി എംപിയുടെ ഓഫിസ് സന്ദര്‍ശിച്ചിരുന്നതായി എംപിയുടെ അടുത്ത വൃത്തങ്ങൾ പറഞ്ഞു. തങ്ങളുടെ മണ്ഡലങ്ങളില്‍ നിന്നുള്ള പൊതുജനങ്ങളുടെ ആവശ്യം നേതാക്കള്‍ സ്വീകരിക്കാറുണ്ടെന്നും അതാണ് പാസ് അനുവദിച്ചതെന്നും എംപി പ്രതാപ് സിംഹ പറഞ്ഞു.
അതേസമയം പേരില്ലാത്ത പാസുമായി ലോക്‌സഭ സന്ദര്‍ശിക്കാനെത്തിയ ഒരു സ്‌ത്രീയെ സുരക്ഷ ജീവനക്കാര്‍ തിരിച്ച് അയച്ചിരുന്നു. ഒരു കുട്ടിയുമായാണ് സ്‌ത്രീ ലോക്‌സഭ സന്ദര്‍ശനത്തിന് എത്തിയത്. എന്നാല്‍ ലോക്‌സഭയില്‍ അതിക്രമം കാണിച്ച പ്രതികളുമായി യുവതിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
പ്രതിഷേധിക്കാനെത്തിയത് ആറ് പേര്‍: കേസില്‍ അറസ്റ്റിലായ മനോരഞ്ജനും സാഗറും ഉള്‍പ്പെടെ ആറ് പേരാണ് ലോക്‌സഭയില്‍ പ്രതിഷേധിക്കാനെത്തിയത്. മനോരഞ്ജനും സാഗറും ലോക്‌സഭയ്‌ക്കുള്ളിലെത്തി പ്രതിഷേധിച്ചപ്പോള്‍ രണ്ട് പേര്‍ ലോക്‌സഭയ്‌ക്ക് പുറത്ത് നിന്ന് പ്രതിഷേധിച്ചു. അമോല്‍ ഷിന്‍ഡെ, നീലം എന്നിവരാണ് ലോക്‌സഭയ്‌ക്ക് പുറത്ത് പ്രതിഷേധിച്ചത്.
നാല് പേര്‍ക്ക് ലോക്‌സഭയിലേക്ക് പാസ് ലഭിക്കാത്തത് കാരണമാണ് പുറത്ത് നിന്നും പ്രതിഷേധിച്ചത്. കേസിലെ പ്രതികളിലൊരാള്‍ ഹരിയാനയില്‍ നിന്നും അറസ്റ്റിലായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. അതേസമയം ആറാം പ്രതിക്കായി അന്വേഷണം പുരോഗമിക്കുകയാണ്. ലോക്‌സഭയ്‌ക്ക് പുറത്ത് നിന്നും പ്രതിഷേധിച്ച നീലം കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന് ബിജെപി ആരോപിക്കുന്നുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.