ബെംഗളൂരു: അഴിമതി കേസില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്ക്കും മകന്‍ വിജയേന്ദ്രക്കും എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌ത് ലോകായുക്ത പൊലീസ്. അഴിമതി നിരോധന നിയമം, വഞ്ചനയ്ക്കും കൊള്ളയടിക്കും ഉള്ള ഇന്ത്യൻ ശിക്ഷ നിയമത്തിലെ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തത്. 2019-21 കാലഘട്ടത്തില്‍ മുഖ്യമന്ത്രിയായിരിക്കെ ബെംഗളൂരു വികസന അതോറിറ്റിയുടെ ടെൻഡർ അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയെന്നാരോപിച്ച് യെദ്യൂരപ്പയ്ക്കും മകനും എതിരെ സാമൂഹ്യ പ്രവർത്തകൻ ടി ജെ എബ്രഹാം പരാതി നല്‍കിയിരുന്നു.
ഗവർണർ മുൻകൂർ അനുമതി നൽകാതിരുന്നതിനെ തുടര്‍ന്ന് പരാതി തള്ളാൻ പ്രത്യേക കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് പ്രത്യേക കോടതി വിധിയെ ചോദ്യം ചെയ്‌ത് ടി ജെ എബ്രഹാം ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി പുനഃപരിശോധിക്കാൻ പ്രത്യേക കോടതിയോട് ഹൈക്കോടതി നിർദേശിച്ചിരുന്നു.
ഹൈക്കോടതി നടപടിയെ തുടര്‍ന്ന് പ്രത്യേക കോടതി ലോകായുക്തയോട് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചു. പിന്നാലെയാണ് ലോകായുക്ത പൊലീസ് യെദ്യൂരപ്പയ്ക്കും മകനുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തത്.