സ്റ്റോക്ക്‌ഹോം കൗണ്ടി (സ്വീഡൻ): മെറ്റബോളിക്-അസോസിയേറ്റ് ഫാറ്റി ലിവർ രോഗമുള്ളവരുടെ (Metabolic Associated Fatty Liver Disease) അടുത്ത ബന്ധുക്കൾക്ക് കരൾ അർബുദം (Liver Cancer) പിടിപെടാനും കരൾ സംബന്ധമായ അസുഖങ്ങൾ മൂലം മരിക്കാനുമുള്ള സാധ്യത കൂടുതലാണെന്ന് പഠനം. കരോളിൻസ്‌ക ഇൻസ്റ്റിറ്റ്യൂട്ടിലെ (Karolinska Institute) ദി ജേർണൽ ഓഫ് ഹെപ്പറ്റോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്‌തമാക്കിയിരിക്കുന്നത്.
ഫാറ്റി ലിവർ രോഗികൾക്ക് നൽകുന്ന ജീവിതശൈലി ഉപദേശം അവരുടെ അടുത്ത ബന്ധുക്കൾ പ്രയോജനപ്പെടുത്തണമെന്നും പഠനത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മെറ്റബോളിക്-അസോസിയേറ്റ് ഫാറ്റി ലിവർ രോഗമുള്ളവർക്ക് (MASLD) കരൾ കാൻസർ ഉണ്ടാകാനും മരണപ്പെടാനുമുള്ള സാധ്യത വളരെ കൂടുതലാണ്. കരൾ അർബുദം പിടിപെടുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നതിന്‍റെ പ്രധാന കാരണം ഇപ്പോൾ MASLD ആണ്.
ഇതിനിടെയിലാണ് കരോളിൻസ്‌ക ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ നിർണായകമായ പഠനം നടത്തിയിരിക്കുന്നത്. മെറ്റബോളിക്-അസോസിയേറ്റ് ഫാറ്റി ലിവർ രോഗമുള്ളവരുടെ അടുത്ത ബന്ധുക്കൾക്കോ, പങ്കാളിക്കോ കരൾ ക്യാൻസറും, കരൾ രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലെന്നാണ് പഠനം വ്യക്‌തമാക്കുന്നത്.
MASLD ഉള്ള രോഗികൾക്ക് പ്രത്യേകം ചികിത്സ നൽകേണ്ടതില്ലെന്നാണ് കണ്ടെത്തലുകൾ സൂചിപ്പിക്കുന്നതെന്ന് കരോലിൻസ്‌ക ഇൻസ്റ്റിറ്റ്യൂട്ടിലെ മെഡിക്കൽ എപ്പിഡെമിയോളജി ആൻഡ് ബയോസ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിലെ ഡോക്‌ടറും ഗവേഷകനുമായ ഫാഹിം ഇബ്രാഹിമി പറഞ്ഞു. എന്നാൽ തീർച്ചയായും ജീവിതശൈലി മാറ്റത്തിനുള്ള ശുപാർശകൾ നൽകണമെന്നും MASLD രോഗമുള്ളവരുടെ ബന്ധുക്കൾ നേരത്തെയുള്ള സ്‌ക്രീനിങ് നടത്തണമെന്നും ഫാഹിം ഇബ്രാഹിമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പഠനം ഇങ്ങനെ : 1965 മുതൽ സ്വീഡനിൽ പരിശോധിച്ച എല്ലാ കരൾ ബയോപ്‌സികളുടെയും ഡാറ്റ അടങ്ങിയിരിക്കുന്ന ESPRESSO കോഹോർട്ടിനെ അടിസ്ഥാനമാക്കിയാണ് ഗവേഷകർ പഠനം നടത്തിയത്. ഇതിൽ MASLD ഉള്ള 12,000 പേരെ തെരഞ്ഞെടുത്തു. ഇവരിൽ നടത്തിയ പഠനത്തിൽ ഫസ്റ്റ് ഡിഗ്രി ബന്ധുക്കൾ (മാതാപിതാക്കൾ, സഹോദരങ്ങൾ, കുട്ടികൾ) എന്നിവരിലും പങ്കാളികളിലും കരൾ സംബന്ധമായ രോഗങ്ങൾ കണ്ടെത്തി.
പഠനത്തിൽ ഏകദേശം 250,000 ഫസ്റ്റ്-ഡിഗ്രി ബന്ധുക്കളും, 57,000 പങ്കാളികളും ഉൾപ്പെട്ടിരുന്നു. MASLD രോഗികളുടെ ഫസ്റ്റ്-ഡിഗ്രി ബന്ധുക്കൾക്ക് കരൾ കാൻസർ വരാനുള്ള സാധ്യത 80 ശതമാനം കൂടുതലാണെന്ന് ഗവേഷകർ കണ്ടെത്തി. ഇതിൽ 900ൽ ഓരോ ഫസ്റ്റ് ഡിഗ്രി ബന്ധുക്കളിൽ ഒരാൾക്ക് 20 വർഷത്തിനിടയിൽ കരൾ അർബുദം വരാൻ സാധ്യതയുണ്ടെന്നും പഠനത്തിൽ വ്യക്‌തമാക്കുന്നു.
MASLD ഉള്ള രോഗികളുടെ പങ്കാളികൾക്ക് ഗുരുതരമായ കരൾ രോഗം (സിറോസിസ് പോലുള്ളവ) ഉണ്ടാകാനും കരൾ സംബന്ധമായ കാരണങ്ങളാൽ മരിക്കാനും സാധ്യത കൂടുതലാണെന്നും ഗവേഷകർ കണ്ടെത്തി. MASLD ക്ക് കുടുംബപരമായ അപകടസാധ്യതയുണ്ടെന്നും പഠനത്തിൽ സ്ഥിരീകരിക്കുന്നുണ്ട്.