ബാന്ദ്ര : ബോളിവുഡ് നടൻ സൽമാൻ ഖാനെയും പിതാവ് സലിം ഖാനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി അജ്ഞാതന്‍റെ കത്ത്. സൽമാൻ പ്രഭാത സവാരിക്ക് ശേഷം വിശ്രമിക്കുന്ന ബാന്ദ്ര ബാൻഡ്‌സ്റ്റാൻഡ് പ്രൊമെനേഡിലെ ബെഞ്ചിൽ നിന്ന് താരത്തിന്‍റെ സെക്യൂരിറ്റി ജീവനക്കാരാണ് കത്ത് കണ്ടെടുത്തത്. സംഭവത്തിൽ ബാന്ദ്ര പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.
കത്ത് ഉപേക്ഷിച്ചത് ആരാണെന്ന് കണ്ടെത്താൻ സമീപ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്. നേരത്തെയും സൽമാന് ഇത്തരത്തിലുള്ള വധഭീഷണി കത്തുകൾ ലഭിച്ചിരുന്നു.ഗായകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന സിദ്ദു മൂസേവാലയെ കൊലപ്പെടുത്തിയ ലോറൻസ് ബിഷ്‌ണോയിയുടെ സംഘമാണ് കത്തിന് പിന്നിലെന്നാണ് നിഗമനം.
സിദ്ദു മൂസേവാലയെ കൊലപ്പെടുത്തിയ ലോറൻസ് ബിഷ്‌ണോയി, സൽമാനെ കൊലപ്പെടുത്തുമെന്ന് മുൻപ് ഭീഷണിപ്പെടുത്തിയിരുന്നു. 2018ൽ പൊലീസ് പിടികൂടിയ ബിഷ്‌ണോയ് കോടതിക്ക് പുറത്താണ് സൽമാനെതിരെ വധഭീഷണി മുഴക്കിയത്. സിദ്ദു മൂസേവാലയുടെ മരണ ശേഷമാണ് സൽമാൻ- ബിഷ്‌ണോയ് പ്രശ്‌നം വീണ്ടും ചർച്ചയായത്.
1998ൽ ജോധ്‌പൂരിൽ കൃഷ്‌ണ മൃഗത്തെ വേട്ടയാടിയത് മുതലാണ് സൽമാനെതിരെ വധഭീഷണികൾ ഉയർന്നുതുടങ്ങിയത്. ബിഷ്‌ണോയി സമൂഹം ആരാധിക്കുന്ന മൃഗമാണ് കൃഷ്‌ണമൃഗം. സംഭവത്തിന് ശേഷം രാജസ്ഥാനിലെ കങ്കണി ഗ്രാമത്തിൽ താമസിക്കുന്ന ബിഷ്‌ണോയി സമൂഹം സൽമാനെതിരെ ശബ്ദമുയർത്തുകയും കർശന നടപടി സ്വീകരിക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്തിരുന്നു.