ന്യൂഡൽഹി : സെൻട്രൽ ഇലക്‌ട്രോണിക്‌സ് കമ്പനിയെ (സിഇഎൽ) സ്വകാര്യവത്കരിക്കാനുള്ള തീരുമാനം നിർത്തിവച്ച് കേന്ദ്രസർക്കാർ. പ്രത്യേക സമിതികള്‍ വിഷയം പരിശോധിച്ച ശേഷം മാത്രമേ തുടർ നടപടികളുമായി മുന്നോട്ടുപോകൂവെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. സിഇഎൽ വിൽപ്പന സംബന്ധിച്ച കേന്ദ്രസർക്കാർ തീരുമാനം ചോദ്യം ചെയ്‌ത് ഇവിടുത്തെ തൊഴിലാളി യൂണിയൻ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് സർക്കാർ തീരുമാനം.
ട്രാൻസാക്ഷൻ അഡ്വൈസർ, അസെറ്റ് വാല്യുവർ എന്നിവരുള്‍പ്പെട്ട സംഘമാകും ആരോപണങ്ങളിൽ അന്വേഷണം നടത്തുക. കേന്ദ്ര സർക്കാർ തീരുമാനം പൊതു നിക്ഷേപ നയത്തിന് (ജനറൽ ഡിസ്‌ഇൻവെസ്റ്റ്‌മെന്‍റ് പോളിസി) എതിരാണെന്ന് തൊഴിലാളി യൂണിയൻ ആരോപിക്കുന്നു.
ചെറിയ വിലക്കാണ് വിൽപ്പന നടത്തുന്നതെന്നും ലേലത്തിൽ പങ്കെടുക്കുന്നവർ തമ്മിലുള്ള ബന്ധം സംശയത്തിന് ഇടയാക്കുന്നതാണെന്നും യൂണിയന്‍ ചൂണ്ടിക്കാട്ടുന്നു. സിഇഎല്ലിന്‍റെ ഭൂമി 90 വർഷത്തേക്കാണ് ലീസിന് നൽകിയിരിക്കുന്നത്. എന്നാല്‍ 46 വർഷം മാത്രമേ പിന്നിട്ടിട്ടുള്ളൂവെന്നും യൂണിയൻ വ്യക്തമാക്കുന്നു.
ALSO READ: മൂവാറ്റുപുഴയിൽ യൂത്ത് കോൺഗ്രസ്-സി.പി.എം സംഘർഷം; എംഎൽഎക്കും പൊലീസുകാർക്കും പരിക്ക്
സിഇഎല്ലിന്‍റെ സ്വകാര്യവത്കരണം സംബന്ധിച്ച് നവംബറിലാണ് കേന്ദ്രസർക്കാർ പ്രഖ്യാപനം നടത്തുന്നത്. ഇതിനെതിരെ ജീവനക്കാരുടെ സംഘടന ഡൽഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സ്വകാര്യവത്കരിക്കുന്നതിന് ലഭിച്ച ടെണ്ടറുകളിൽ ഏറ്റവും ഉയർന്ന തുക ക്വോട്ട് ചെയ്‌തത് നന്ദാൽ ഫിനാൻസ് & ലീസിംഗ് കമ്പനിയാണ്. അത് 210 കോടി രൂപ മാത്രമാണെന്നും ഈ തുക വളരെ കുറവാണെന്നും യൂണിയൻ വിശദീകരിക്കുന്നു.
ഡിപ്പാർട്ട്‌മെന്‍റ് ഓഫ് സയന്‍റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന് (ഡിഎസ്ഐആർ) കീഴിലുള്ള പൊതുമേഖലാ സ്ഥാപനമാണ് സിഇഎൽ. ഡിപ്പാർട്ട്മെന്‍റ് ഓഫ് ഇൻവെസ്റ്റ്‌മെന്റന്‍റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്‍റ് (ഡിപാം) ആണ് സ്വകാര്യവത്കരണ നടപടികളുടെ ചുമതല വഹിക്കുന്നത്. 2022 മാർച്ചോടെ ഇടപാട് പൂർത്തിയാക്കാനായിരുന്നു ഡിപാമിന്‍റെ ശ്രമം.