സൂറത്ത് (ഗുജറാത്ത്): കൃഷിയിടത്തില്‍ കണ്ടെത്തിയ പുലിക്കുഞ്ഞുങ്ങളെ അമ്മപ്പുലി തിരിക കൊണ്ട് പോയി. ഗുജറാത്തിലെ മണ്ട്വാല പതാല്‍ ഗ്രാമത്തിലാണ് സംഭവം. ആറ് മാസം പ്രായമുള്ള 3 പുലിക്കുട്ടികളെ വനപാലകരാണ് അമ്മപുലിയോടൊപ്പം ചേര്‍ത്തത്. അമ്മപ്പുലി കുട്ടികളെ കൊണ്ട് പോകുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്.
കൃഷിയിടത്തില്‍ നിന്നും പുലിക്കുഞ്ഞുങ്ങളെ ലഭിച്ച വിവരം സ്ഥലത്തിന്‍റെ ഉടമയാണ് വനപാലകരെ അറിയിച്ചത്. ശേഷം കുട്ടയിലാക്കി അമ്മപ്പുലി വരാൻ കാത്തിരുന്നു. കുട്ടകള്‍ കണ്ട് അമ്മപ്പുലി ആദ്യം പരിഭ്രാന്തയായി കാണപ്പെടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കുട്ട പതിയെ മറിച്ചിട്ട ശേഷമാണ് കുഞ്ഞുങ്ങളുമായി പുലി പോകുന്നത്. അമ്മപ്പുലി കുഞ്ഞുങ്ങളെ കൊണ്ട് പോകുന്ന ദൃശ്യങ്ങള്‍ നൈറ്റ് വിഷന്‍ ക്യാമറയിലാണ് വനപാലകര്‍ ചിത്രീകരിച്ചത്.