നാസിക് (മഹാരാഷ്ട്ര): പുലിക്കുട്ടിയെ പൂച്ചക്കുട്ടി എന്ന് കരുതി വീട്ടിൽ വളർത്താൻ കൊണ്ടുപോയി കുട്ടികൾ. കൊണ്ടുപോയി ഒരാഴ്‌ചക്കകം വീട്ടുകാർ തിരിച്ചറിഞ്ഞു കുട്ടികൾ കൊണ്ടുവന്നത് പൂച്ചക്കുട്ടിയെ അല്ല പുലിക്കുട്ടി ആണെന്ന്. മഹാരാഷ്ട്രയിലെ മലേഗാവിലെ മൊർസാർ ശിവാരയിലാണ് സംഭവം.
ഒരാഴ്‌ച മുൻപ് വീടിനടുത്തുള്ള വയലിൽ കളിക്കുന്നതിനിടെ കുട്ടികൾ ഒരു പൂച്ചക്കുട്ടിയെ കണ്ടെത്തി. തുടർന്ന് കുട്ടികൾ പൂച്ചക്കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി. പൂച്ചകുട്ടി വളരാൻ തുടങ്ങിയപ്പോൾ വീട്ടുകാർക്ക് മനസിലായി ഇത് പൂച്ചക്കുട്ടിയല്ല, പുള്ളിപ്പുലിയാണെന്ന്. കുട്ടികൾ പുള്ളിപ്പുലിയെ വളർത്താൻ എടുത്തുകൊണ്ട് വന്ന വാർത്ത കാട്ടുതീ പോലെ നാട്ടിൽ പടർന്നു. ഗൃഹനാഥനായ റാവുസാഹേബ് താക്കറെ മലേഗാവ് വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചു. പുലിക്കുട്ടി ഇപ്പോൾ വനംവകുപ്പിന്‍റെ സംരക്ഷണയിലാണ്.
അതിനിടെ, കുട്ടികൾ പുലിക്കുട്ടിയുമായി കളിക്കുന്ന വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ കുട്ടിയെ കുറച്ചുദിവസം പുറത്ത് നിർത്തിയിട്ടും അമ്മപുലി തിരിച്ചെത്തിയില്ല. പുലിക്കുട്ടിക്ക് ഏകദേശം 10 ദിവസം പ്രായമുണ്ട്. അമ്മ പുള്ളിപ്പുലി തിരിച്ചെത്താത്തതിനാൽ പുലിക്കുട്ടിയുടെ സംരക്ഷണവും ആരോഗ്യവും ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് മലേഗാവ് വനംവകുപ്പ് ഉദ്യോഗസ്ഥൻ വൈഭവ് ഹിറേ പറഞ്ഞു.