താനെ: താനെ: കുടത്തിൽ കൈയിട്ട് പുലിവാല് പിടിച്ച ആളുകളെകുറിച്ച് കേട്ടിട്ടുണ്ട്, എന്നാൽ മഹാരാഷ്‌ട്രയിൽ കുടത്തിൽ തലയിട്ട് കുടുങ്ങിയത് ഒരു പുലിക്കുട്ടിയാണ്. മഹാരാഷ്ട്രയിലെ ബദ്‌ലാപൂരിനടുത്തുള്ള ഗോരേഗാവ് വന മേഖലയിലാണ് സംഭവം.
രാത്രി ജനവാസമേഖലയിൽ എത്തി വെള്ളം കുടിച്ച് മടങ്ങുന്ന പുലിക്കുട്ടി ഇത്തവണ കുടുങ്ങി. ദാഹിച്ച് എത്തിയപ്പോള്‍ മുന്നിൽ കിട്ടിയത് വാട്ടർ ക്യാൻ. ഒന്നും നോക്കാതെ തലയിട്ടു. വെള്ളം കുടി കഴിഞ്ഞതോടെയാണ് കുടുങ്ങിയത് മനസിലായത്.
തലയിൽ വാട്ടർ ക്യാനുമായി കറങ്ങി നടക്കുന്ന പുലിക്കുട്ടിയെ പ്രദേശവാസികളാണ് കണ്ടെത്തിയത്. തുടർന്ന് പ്രദേശവാസികള്‍ വനം വകുപ്പിനെ വിവരമറിയിച്ചു. മൂന്ന് ദിവസത്തെ തെരച്ചിലിനൊടുവിലാണ് പുലിയെ കണ്ടെത്തിയത്.
തുടർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പാത്രം മുറിച്ച് നീക്കി. അടിയന്തര ചികിത്സ സഹായം നൽകിയ ശേഷം പുലിയെ ബോറിവാലിയിലെ സഞ്ജയ് ഗാന്ധി ഉദ്യാനിലേക്ക് കൊണ്ടുപോയി.