തേസ്‌പൂർ: അക്രമം രൂക്ഷമായ മണിപ്പൂരിൽ നിന്നും പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വാർത്തകൾ. കാക്‌ചിംഗ് ജില്ലയിൽ സായുധ ജനക്കൂട്ടം വയോധികയെ ജീവനോടെ ചുട്ടുകൊന്ന വാർത്തയാണ് ഒടുവിലത്തേത്. മെയ് 28ന് ആയിരുന്നു നടുക്കുന്ന സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ.
അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനിയുടെ ഭാര്യയെയാണ് ജനക്കൂട്ടം ജീവനോടെ ചുട്ടെരിച്ചത്. മെയ്‌തി സമുദായത്തിൽപ്പെട്ട, സ്വാതന്ത്ര്യ സമര സേനാനി എസ് ചുരാചന്ദ് സിങ്ങിന്‍റെ ഭാര്യ, 80കാരിയായ എസ് ഇബെതോംബി മൈബിയെ ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംസ്ഥാനത്ത് ഇന്‍റർനെറ്റ് താൽക്കാലികമായി നിർത്തിവച്ചിതിനാൽ ആണ് ഈ സംഭവം റിപ്പോർട്ട് ചെയ്യപ്പെടാതിരുന്നത്.
ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖല ഇതുവരെ കണ്ട ഏറ്റവും ഹീനമായ വംശീയ സംഘട്ടനങ്ങളിലൂടെയാണ് ഇപ്പോൾ കടന്ന് പോകുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 160-ലധികം മരണങ്ങളാണ് ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ കണക്കുകൾ ഇനിയും ഉയരുമെന്ന് തന്നെയാണ് നിലവിലെ സ്ഥിതിഗതികളുടെ പശ്ചാത്തലത്തില്‍ വിലയിരുത്തപ്പെടുന്നത്.
മെയ് 4 ന് കാങ്‌പോക്‌പി ജില്ലയിൽ രണ്ട് സ്‌ത്രീകളെ നഗ്‌നരായി, പൊതു നിരത്തിലൂടെ നടത്തിച്ച സംഭവത്തിന്‍റെ ഞെട്ടൽ മാറുന്നതിന് മുൻപാണ് മണിപ്പൂരില്‍ നിന്നും മറ്റൊരു ഭയാനകമായ സംഭവം കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടത്. മെയ് 28-ന് സെറോ ഗ്രാമത്തിൽ സായുധരായ അക്രമികൾ തീയിട്ട് കൊലപ്പെടുത്തിയതിന് മുമ്പ് 80 കാരിയായ എസ് ഇബെറ്റോംബി മൈബിയെ വീട്ടിനുള്ളിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു എന്നാണ് സെറോ പൊലീസ് സ്റ്റേഷനിൽ ഫയൽ ചെയ്‌ത എഫ്ഐആർ പറയുന്നത്.
നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യൻ നാഷണൽ ആർമിയിൽ അംഗമായിരുന്നു ഇബെറ്റോംബി മൈബിയെയുടെ ഭർത്താവ് ചുരാചന്ദ് സിങ്. 1997 ഏപ്രിലിൽ ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് നേതാജി അവാർഡ് നൽകി അന്നത്തെ രാഷ്‌ട്രപതി എ.പി.ജെ. അബ്‌ദുൾ കലാം അദ്ദേഹത്തെ ആദരിച്ചിരുന്നു. രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിന് പോരാടിയ വീരനായകന്‍റെ പത്നിയെയാണ് ഒരുകൂട്ടം ആളുകൾ ക്രൂരമായി കൊല ചെയ്‌തത്.
കത്തിയമർന്ന വീട്ടില്‍ ഇബെതോംബി മൈബിയുടെ കത്തിയ അസ്ഥികളും പാതി കത്തിയ ഫോട്ടോഗ്രാഫുകൾ, മെഡലുകൾ, ചുരാചന്ദ് സിങ്ങിന്‍റെ സ്‌മരണികകൾ, വിലപിടിപ്പുള്ള നിരവധി വസ്‌തുക്കൾ, കത്തിനശിച്ച വീട്ടുപകരണങ്ങൾ, ചുവരുകളിലെ വെടിയുണ്ടകൾ എല്ലാം ഭീകരതയുടെ അവശേഷിപ്പുകളായി ബാക്കിയുണ്ട്. അക്രമികൾ എത്തിയപ്പോൾ പ്രായാധിക്യവും പരിമിതമായ ചലനശേഷിയും മൂലം ഇബെതോംബി മൈബിക്ക് ഓടിപ്പോകാൻ കഴിഞ്ഞില്ലെന്ന് അവരുടെ മരുമകൾ എസ്. തമ്പാസനയെ ഉദ്ധരിച്ച് വാർത്താ ഏജൻസി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്‌തു.
ഏതാനും മണിക്കൂറുകൾക്ക് ശേഷം അവിടേക്ക് താനും മറ്റു ചിലരും എത്തിയെങ്കിലും തീ ആളിക്കത്തുകയായിരുന്നെന്നും വയോധിക വെന്തുമരിച്ചെന്നും അവർ പറഞ്ഞു. അക്രമികൾ വീണ്ടും വെടിയുതിർക്കാൻ തുടങ്ങിയതിനാൽ രക്ഷാപ്രവർത്തകർ ഉടൻ തന്നെ അവിടെ നിന്നും പോകാൻ നിർബന്ധിതരായെന്നും അവർ പറഞ്ഞു.