ഹൈദരാബാദ് : സീനിയര്‍ വിദ്യാര്‍ഥിയുടെ പീഡനത്തെ തുടര്‍ന്ന് ആത്‌മഹത്യയ്‌ക്ക് ശ്രമിച്ച് ചികിത്സയില്‍ കഴിയവേ ഇന്നലെ(26.02.2023) മരണപ്പെട്ട നൈസാംസ് ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍യിലെ(നിംസ്) പിജി മെഡിക്കല്‍ വിദ്യാര്‍ഥിനി പ്രീതി ധാരവത്തിന്‍റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന്(27.02.2022) ജന്‍ങ്കാവില്‍ നടന്നു. ഇന്ന് രാവിലെയാണ് ഭൗതിക ശരീരം ജന്‍ങ്കാവിലെ വീട്ടില്‍ എത്തിച്ചത്.
പ്രീതി ധാരവത്തിന്‍റെ മരണം ഇന്നലെ ഡോക്‌ടര്‍മാര്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അവരുടെ ബന്ധുക്കളും, രാഷ്‌ട്രീയ നേതാക്കളും നിംസില്‍ പ്രതിഷേധിച്ചിരുന്നു. ഫെബ്രുവരി 22നാണ് പ്രീതി ധാരവത്ത് ആത്‌മഹത്യയ്‌ക്ക് ശ്രമിച്ചത്. ഒരു സീനിയര്‍ വിദ്യാര്‍ഥി പ്രീതി ധാരവത്തിനെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് സുഹൃത്തുക്കളും ബന്ധുക്കളും ആരോപിക്കുന്നു.
പ്രീതിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം തെലങ്കാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മരണം അങ്ങേയറ്റം വേദനാജനകമാണെന്നും തെലങ്കാന സര്‍ക്കാര്‍ പ്രീതിയുടെ കുടുംബത്തോടൊപ്പം നിലയുറപ്പിക്കുന്നുവെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എറബെല്ലി ദയാകര്‍ റാവു ഞായറാഴ്‌ച രാത്രി പ്രസ്‌താവനയില്‍ വ്യക്തമാക്കി. മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു മരണത്തില്‍ ദുഃഖം രേഖപ്പെടുത്തിയതായും എറബെല്ലി ദയാകര്‍ റാവു വ്യക്തമാക്കി.
മകളുടെ മരണം കൊലപാതകമെന്ന് പിതാവ് : തന്‍റെ മകളുടെ മരണം കൊലപാതകമാണെന്ന് പ്രീതി ധാരവത്തിന്‍റെ അച്ഛന്‍ നരേന്ദര്‍ ആരോപിച്ചു. തന്‍റെ മകള്‍ക്ക് ബലമായി ആരോ ഇന്‍ജക്ഷന്‍ വച്ചതാവാനാണ് സാധ്യത. ഈ കാര്യം പൊലീസ് അന്വേഷിക്കണം.
നിംസിലെ അനസ്‌തേഷ്യ വിഭാഗത്തിന്‍റെ എച്ച്ഒഡിയെ സസ്‌പെന്‍ഡ് ചെയ്യണം. നടപടികള്‍ ഉടന്‍ സ്വീകരിക്കണം. ഇതിലൂടെ സമൂഹത്തിന് ഒരു സന്ദേശം നല്‍കാന്‍ കഴിയും. ഒരു ഡോക്‌ടര്‍ ആകണമെന്ന അതിയായ ആഗ്രഹമായിരുന്നു മകള്‍ക്ക്. തങ്ങളുടെ കുടുംബത്തില്‍ നിന്ന് ആരും തന്നെ മെഡിസിന് ഇതിന് മുമ്പ് പഠിച്ചിരുന്നില്ലെന്നും നരേന്ദര്‍ വ്യക്തമാക്കി.
സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.