ശ്രീനഗര്‍: ഏറെ വിവാദത്തിന് വഴിയൊരുക്കിയ തന്‍റെ വെള്ള ടീ ഷര്‍ട്ട് ധരിച്ച് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയുടെ അവസാന ദിനത്തില്‍ പദയാത്ര ആരംഭിച്ചു. 4,000 കിലോമീറ്റര്‍ കാല്‍നടയായി നടത്തുന്ന ഭാരത് ജോഡോ യാത്രയുടെ അവസാന ദിനത്തിനാണ് ശ്രീനഗറിലെ പന്ത ചൗക്കില്‍ തുടക്കമായത്. ജമ്മു കശ്‌മീരിന്‍റെ വേനല്‍ക്കാല തലസ്ഥാനമായ ശ്രീനഗറില്‍ നാളെ ഭാരത് ജോഡോ യാത്ര സമാപിക്കും. ചില്ലായ് കലാനിലെ മരവിപ്പിക്കുന്ന തണുപ്പില്‍ ഭാരത് ജോഡോ യാത്രയുടെ ആവേശം ഒട്ടും കുറയാതെയാണ് അവസാന ദിവസത്തിലും രാഹുല്‍ ഗാന്ധി പ്രവര്‍ത്തകരെ നയിക്കുന്നത്.
വന്‍ സുരക്ഷയില്‍ യാത്രയുടെ അവസാന ദിനം: വന്‍ സുരക്ഷ ക്രമീകരണങ്ങള്‍ക്കിടയിലാണ് ഭാരത് ജോഡോ യാത്രയുടെ അവസാന ദിനം നടക്കുന്നത്. നൂറു കണക്കിന് പൊലീസുകാരും സിആര്‍പിഎഫും ചേര്‍ന്ന് രാഹുല്‍ ഗാന്ധിക്കും ഭാരത് ജോഡോ യാത്രയ്‌ക്കും സുരക്ഷ ഒരുക്കി. നേരത്തെ അനന്ത്നാഗ് സുരക്ഷ പ്രശ്‌നങ്ങള്‍ ആരോപിച്ച് ഭാരത് ജോഡോ യാത്ര താത്‌കാലികമായി നിര്‍ത്തിവയ്‌ക്കുകയും സംഭവത്തില്‍ ജമ്മു കശ്‌മീര്‍ ഭരണകൂടത്തിനെതിരെ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ ജനത്തിരക്ക് നിയന്ത്രണ വിധേയമാക്കുന്നതില്‍ പിഴവ് സംഭവിച്ചു എന്നായിരുന്നു ഭരണകൂടം നല്‍കിയ വിശദീകരണം.
ജമ്മു കശ്‌മീരില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള നൂറു കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഭാരത് ജോഡോ യാത്രയുടെ അവസാന ദിനത്തില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം പങ്കെടുക്കുന്നത്. ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാനായി എത്തിയ പ്രവര്‍ത്തകര്‍ക്കായി കോണ്‍ഗ്രസ് ശ്രീനഗറിലെ ഹോട്ടലുകളില്‍ 500ലധികം മുറികളാണ് ബുക്ക് ചെയ്‌തത്.
കന്യാകുമാരി മുതല്‍ കശ്‌മീര്‍ വരെ: 2022 സെപ്‌റ്റംബര്‍ ഏഴിന് കന്യാകുമാരിയിലാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. 145 ദിവസം കൊണ്ട് 3,500 കിലോമീറ്റര്‍ കാല്‍നടയായി യാത്ര ചെയ്‌ത് 12 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും കടന്നാണ് ഭാരത് ജോഡോ യാത്ര അവസാന ദിവസത്തിലെത്തിയിരിക്കുന്നത്. ജനങ്ങളുമായി നേരിട്ട് സംവദിക്കണമെന്ന നിര്‍ബന്ധ ബുദ്ധിയില്‍ രാഹുല്‍ ഗാന്ധി ആരംഭിച്ച യാത്രയ്‌ക്ക് ഏറെ ജനപിന്തുണയും സ്വീകാര്യതയും ലഭിച്ചു. പല വിവാദങ്ങളും തുടര്‍ച്ചയായി വേട്ടയാടിയെങ്കിലും ഒന്നും രാഹുല്‍ ഗാന്ധിയെ പിന്നോട്ടടിപ്പിച്ചില്ല.
ടീ ഷര്‍ട്ടില്‍ പിടി മുറുക്കി ബിജെപി: ഭാരത് ജോഡോ യാത്ര ആരംഭിച്ചതിന് പിന്നാലെ വിവാദങ്ങള്‍ രാഹുല്‍ ഗാന്ധിയേയും കൂട്ടരെയും വിടാതെ പിന്തുടര്‍ന്നിരുന്നു. കേരളത്തില്‍ പര്യടനം നടത്തുന്നതിനിടെ കൊച്ചിയില്‍ സ്ഥാപിച്ച പോസ്റ്ററില്‍ വി ഡി സവര്‍ക്കറുടെ ചിത്രം ഉള്‍പ്പെടുത്തിയത് ഏറെ വിവാദത്തിന് വഴിവച്ചിരുന്നു. ഉത്തരവാദിയായ പ്രവര്‍ത്തകനെ സസ്‌പെന്‍ഡ് ചെയ്‌തായിരുന്നു കോണ്‍ഗ്രസ് തെറ്റുതിരുത്താന്‍ ശ്രമിച്ചത്.
ഭാരത് ജോഡോ യാത്ര തമിഴ്‌നാട്ടില്‍ പര്യടനം നടത്തുന്നതിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ ടീ ഷര്‍ട്ടിനെ ചൊല്ലി ബിജെപി ആരോപണം ഉന്നയിച്ചത്. 41,000 രൂപ വിലയുള്ള ബര്‍ബെറി ടീ ഷര്‍ട്ടാണ് കോണ്‍ഗ്രസ് നേതാവിന്‍റെ വേഷമെന്ന് ബിജെപി പറഞ്ഞു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 10 ലക്ഷം രൂപ വിലയുള്ള സ്യൂട്ടിന്‍റെ കാര്യം പറഞ്ഞാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപിയുടെ വായടപ്പിച്ചത്.
തമിഴ്‌നാട്ടില്‍ വച്ച് വിവാദ ക്രിസ്‌ത്യന്‍ പുരോഹിതന്‍ ജോര്‍ജ് പൊന്നയയുമായുള്ള രാഹുല്‍ ഗാന്ധിയുടെ കൂടിക്കാഴ്‌ചയും ബിജെപി ആയുധമാക്കി. കോണ്‍ഗ്രസ് ഹിന്ദു വിരുദ്ധമാണെന്നായിരുന്നു ബിജെപിയുടെ ആരോപണം. ടീ ഷര്‍ട്ടിന് പിന്നാലെ രാഹുല്‍ ഗാന്ധിയുടെ താടിയും ചര്‍ച്ചയായി. താടി നീട്ടി വളര്‍ത്തിയ രാഹുല്‍ ഗാന്ധിക്ക് ഇറാഖ് മുന്‍ പ്രസിഡന്‍റ് സദ്ദാം ഹുസൈന്‍റെ ഛായയുണ്ടെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ നടത്തിയ പരാമര്‍ശമാണ് വിവാദമായത്.
തെരഞ്ഞെടുപ്പ് സാഹചര്യത്തില്‍ ഗുജറാത്തില്‍ ഭാരത് ജോഡോ യാത്ര പര്യടനം നടത്താതിരുന്നതും വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇത്തരത്തില്‍ ചെറുതും വലുതുമായ വിവാദങ്ങള്‍ തള്ളിമാറ്റിയാണ് ഭാരത് ജോഡോ യാത്ര അവസാനത്തിലെത്തിയിരിക്കുന്നത്.
വാര്‍ത്തയായ രാഹുല്‍ ചിത്രങ്ങള്‍: ഭാരത് ജോഡോ യാത്രയുടെ പര്യടനത്തിനിടെ പല ജനവിഭാഗങ്ങളെയും രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചിരുന്നു. കൂടിക്കാഴ്‌ചയുടെ ചിത്രങ്ങളും വാര്‍ത്തയും കോണ്‍ഗ്രസ് പാര്‍ട്ടി തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡുകളില്‍ പങ്കുവയ്‌ക്കുകയും ചെയ്‌തു. ഭാരത് ജോഡോ യാത്രയുടെ പല ഘട്ടങ്ങളിലായി പുറത്തു വന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങള്‍ ചര്‍ച്ചയായിട്ടുണ്ട്. കര്‍ണാടകയിലെ പര്യടനത്തിനിടെ ശക്തമായ മഴയെ വകവയ്‌ക്കാതെ പൊതു പരിപാടിയില്‍ സംസാരിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രമായിരുന്നു ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രങ്ങളില്‍ ഒന്ന്. മറ്റൊന്ന് ഉത്തരേന്ത്യയിലെ കൊടും തണുപ്പില്‍ തന്‍റെ ഹാഫ് കൈ ടീ ഷര്‍ട്ട് ധരിച്ച് പര്യടനം നടത്തുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രമായിരുന്നു.
സമാപനം നാളെ ശ്രീനഗറില്‍: ജനുവരി 19നാണ് ഭാരത് ജോഡോ യാത്ര പഞ്ചാബില്‍ നിന്ന് കശ്‌മീരിലേക്ക് പ്രവേശിച്ചത്. നാളെ (30.01.2023) ശ്രീനഗറിലെ കോണ്‍ഗ്രസ് പാര്‍ട്ടി ആസ്ഥാനത്ത് ദേശീയ പതാക ഉയര്‍ത്തിയ ശേഷം ഷേര്‍ ഇ കശ്‌മീര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതു റാലിയെ രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്യും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍, മുതിര്‍ന്ന നേതാക്കള്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനായി ഇന്ന് ശ്രീനഗറില്‍ എത്തും. സമാപന സമ്മേളനത്തില്‍ 23 പാര്‍ട്ടികളെ ക്ഷണിച്ചിരുന്നെങ്കിലും 13 പാര്‍ട്ടികള്‍ പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. ജെഡിയു, ജെഡിഎസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം തുടങ്ങിയ പാര്‍ട്ടികളാണ് വിട്ടുനില്‍ക്കുന്നത്.