ബെഗുസാരായി (ബിഹാർ): ബിഹാറിലെ ബെഗുസാരായി ജില്ലയിലെ ലളിത് നാരായൺ മിഥില സർവകലാശാലയിൽ (എൽഎൻഎംയു) വിദ്യാർഥിനിക്ക് ലഭിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള ഹാൾ ടിക്കറ്റ്. ബിഎ-പാർട്ട് II പരീക്ഷയെഴുതുന്ന വിദ്യാർഥിനിയായ ആജ്‌ഹുൽ കുമാരിക്കാണ് മോദിയുടെ ചിത്രമുള്ള ഹാൾ ടിക്കറ്റ് ലഭിച്ചത്. ഹാൾ ടിക്കറ്റിൽ വിദ്യാർഥിനിയുടെ ചിത്രത്തിന്‍റെ സ്ഥാനത്താണ് മോദിയുടെ ഫോട്ടോയുള്ളത്.
ഹാൾ ടിക്കറ്റിന്‍റെ ചിത്രം സോഷ്യൽ മീഡിയകളിൽ പ്രചരിച്ചതോടെ സർവകലാശാല ഭരണസമിതിക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. ലളിത് നാരായൺ മിഥില സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്‌തിട്ടുള്ള ബെഗുസരായ് ഗണേഷ് ദത്ത് കോളജിലെ വിദ്യാർഥിയാണ് ആജ്ഹുൽ. അതേസമയം സർവകാശാലയുടെ നിരുത്തരപരമായ പ്രവർത്തിയിൽ വിദ്യാർഥിനിയും ആശങ്ക പ്രകടിപ്പിച്ചു.
'സർവകലാശാലയുടെ ഇത്തരം മോശം സമീപനം കാരണം വിദ്യാർഥികൾ നിരവധി പ്രശ്‌നങ്ങൾ നേരിടുന്നു. ഭാവിയിൽ ഇത്തരം പ്രകടമായ വീഴ്‌ചകൾ ആവർത്തിക്കാതിരിക്കാൻ സർവകലാശാല ഭരണകൂടം ശക്തമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. വിദ്യാർഥികളുടെ ഭാവി വച്ചാണ് സർവകലാശാല കളിക്കുന്നത്. വിദ്യാർഥികൾക്ക് അവരുടെ പരാതികൾ പരിഹരിക്കുന്നതിനായി ഒരു ഹെൽപ്പ് ഡെസ്‌ക് സർവകലാശാലയിൽ സ്ഥാപിക്കണം.' ആജ്‌ഹുൽ കുമാരി പറഞ്ഞു.
അതേസമയം ഇത്തരം സംഭവങ്ങൾ സർവകലാശാലയിൽ ആദ്യമായല്ല സംഭവിക്കുന്നതെന്ന് മറ്റൊരു വിദ്യാർഥിനിയായ സോഫിയ പർവീണ്‍ പറഞ്ഞു. 'പരീക്ഷയ്‌ക്ക് മൂന്ന് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഇത്തരമൊരു സാഹചര്യത്തിൽ ഹാൾടിക്കറ്റിലെ അപാകതകൾ പരിഹരിക്കാനായി നടന്നാൽ പഠനത്തിൽ എങ്ങനെ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. ഇത്തരം തെറ്റുകൾ സ്ഥിരമായി സംഭവിക്കുന്നുണ്ട്. ഇത് ആദ്യത്തെ സംഭവമല്ല. നേരത്തെയും ഇത്തരം കേസുകൾ ഉണ്ടായിട്ടുണ്ട്.' സോഫിയ പറഞ്ഞു.
അഡ്‌മിറ്റ് കാർഡിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി സർവകലാശാല വൈസ് ചാൻസലർക്ക് നിരവധി നിവേദനങ്ങൾ നൽകിയിരുന്നെങ്കിലും സ്ഥിതി പഴയപടി തന്നെ തുടരുകയായിരുന്നു എന്നും കോളജിലെ മറ്റൊരു വിദ്യാർഥിയായ പുരുഷോത്തം കുമാർ പറഞ്ഞു. 'പരീക്ഷാ കണ്‍ട്രോളറെ മാറ്റാൻ ഞങ്ങൾ വിസിയോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ യൂണിവേഴ്‌സിറ്റി അധികൃതർ ഞങ്ങളുടെ പ്രശ്‌നങ്ങളിൽ ശ്രദ്ധ ചെലുത്തിയിരുന്നില്ല.
അഡ്‌മിറ്റ് കാർഡ് തയ്യാറാക്കുന്ന ഡാറ്റ സെന്‍ററാണ് ഇതിന് ഉത്തരവാദികൾ. കുറഞ്ഞത് 70 ശതമാനം വിദ്യാർഥികളെങ്കിലും അഡ്‌മിറ്റ് കാർഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്.' പുരുഷോത്തം കുമാർ പറഞ്ഞു. അതേസമയം അഡ്‌മിറ്റ് കാർഡുമായി ബന്ധപ്പെട്ട വീഴ്‌ചകൾ താൻ പലതവണ പരിഹരിച്ചിട്ടുണ്ടെന്നും ഇപ്പോൾ ഉയർന്ന പ്രശ്‌നം പരിശോധിക്കുമെന്നും ഗണേഷ് ദത്ത് കോളജ് പ്രിൻസിപ്പൽ രാം അവദേശ് കുമാർ പറഞ്ഞു.
ഹാൾ ടിക്കറ്റിൽ സണ്ണി ലിയോണും ധോണിയും : കഴിഞ്ഞ വർഷവും ലളിത് നാരായണ്‍ മിഥില യൂണിവേഴ്‌സിറ്റിയുടെ ഹാൾ ടിക്കറ്റുകളിൽ വിദ്യാർഥികളുടെ ചിത്രത്തിന് പകരം പ്രശസ്‌തരായ വ്യക്‌തികളുടെ ചിത്രങ്ങൾ അച്ചടിച്ച് വന്നിരുന്നു. വിദ്യാർഥികളുടെ ഫോട്ടോയുടെ സ്ഥാനത്ത് പ്രധാന മന്ത്രി നരേന്ദ്ര മോദി, എം എസ് ധോണി, ബിഹാർ ഗവർണർ ഫഗു ചൗഹാൻ എന്നിവരുടെ ചിത്രങ്ങളായിരുന്നു ഉണ്ടായിരുന്നത്.
ബിഎ പാർട്ട് 3 പരീക്ഷയ്ക്കുള്ള മധുബനി, സമസ്‌തിപൂർ ജില്ലകളിലെ കോളജുകളിലെ ഹാൾ ടിക്കറ്റുകളിലാണ് ഫോട്ടോ മാറിയത്. ഓൺലൈനായി അപേക്ഷിച്ച വിദ്യാർഥികൾ സ്വന്തം ഫോട്ടോയ്ക്ക് പകരം പ്രമുഖരുടെ ഫോട്ടോകൾ അപ്‌ലോഡ് ചെയ്‌തതാണെന്നും ഈ വിദ്യാർഥികൾക്കെതിരെ നടപടി സ്വീകരിച്ചതായും കോളജ് അധികൃതർ അറിയിച്ചിരുന്നു.
2022ൽ കർണാടകയിൽ അധ്യാപന നിയമനത്തിനുള്ള പരീക്ഷ ഹാൾ ടിക്കറ്റിൽ സണ്ണി ലിയോണിന്‍റെ ഫോട്ട പതിച്ച് വന്നത് വലിയ വിവാദമുണ്ടാക്കിയിരുന്നു. ഉദ്യോഗാർഥിയുടെ ഫോട്ടോയുടെ സ്ഥാനത്തായിരുന്നു സണ്ണി ലിയോണിന്‍റെ ചിത്രമുണ്ടായിരുന്നത്.