അമൃതസര്‍(പഞ്ചാബ്) : കാമുകനെ തിരക്കി പാകിസ്ഥാനിലേക്ക് പുറപ്പെട്ട യുവതിയെ അതിര്‍ത്തിയില്‍ വച്ച് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. മധ്യപ്രദേശ് രേവ സ്വദേശിനിയായ ഇരുപത്തിനാലുകാരിയെയാണ് അട്ടാരി-വാഗ അതിർത്തിയില്‍ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച ശേഷം യുവതിയെ ഗരിന്ദ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.
സ്വകാര്യ സ്‌കൂളിൽ ജോലി ചെയ്‌തുവരികയായിരുന്ന യുവതി ഫേസ്ബുക്കിൽ പരിചയപ്പെട്ട ദിൽഷാദ് ഖാൻ എന്ന പാകിസ്ഥാനി യുവാവുമായി പ്രണയത്തിലായിരുന്നു. കാമുകനെ കാണാനായി യുവതി വീടുവിട്ടിറങ്ങി. മകളെ കാണാനില്ലെന്ന് കാണിച്ച് കുടുംബം രേവ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്‌തു.
യുവതിക്കായുള്ള അന്വേഷണങ്ങള്‍ രേവ പൊലീസ് നടത്തിവരികയായിരുന്നു. യുവതിയോട് വിവരങ്ങള്‍ ശേഖരിച്ച ഗരിന്ദ പൊലീസ്, രേവ പൊലീസ് സ്റ്റേഷനിലും കുടുംബത്തെയും വിവരമറിയിച്ചു. തുടര്‍ന്ന് നാരി നികേതനിലേക്കയച്ച യുവതിയെ ഇന്ന് ഡ്യൂട്ടി മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി. പിന്നീട് യുവതിയെ രേവ പൊലീസിന് കൈമാറി.