നൽഗൊണ്ട : കൃഷ്ണ നദിയിലെ ജലം വീതിക്കുന്നത് സംബന്ധിച്ച തര്‍ക്കം തുടരുന്നതിനിടെ പുലിചിന്തല ഡാമില്‍ സുരക്ഷ ഉദ്യോഗസ്ഥരെ നിയമിച്ച് ആന്ധ്രാപ്രദേശ്, തെലങ്കാന സർക്കാരുകള്‍.
ആന്ധ്രയിലെ ഗുണ്ടൂർ ജില്ലയുടെയും തെലങ്കാനയിലെ നൽഗൊണ്ട ജില്ലയുടെയും അതിർത്തി പ്രദേശങ്ങളിലുള്ള കൃഷ്‌ണ നദിയിലെ പദ്ധതികളായ നാഗാർജുന സാഗർ, പുലിചിന്തല എന്നിവിടങ്ങളിലാണ് ഇരു സംസ്ഥാനങ്ങളും പൊലീസ് കാവൽ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പുലിചിന്തയിലെ ജല വൈദ്യുത പ്ലാന്‍റില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന തെലങ്കാന അവിടെ നിന്നുള്ള ജലം ആന്ധ്രയിലേക്ക് നല്‍കുന്നു. അമിത അളവില്‍ വെള്ളം എത്തുന്നതിനാല്‍ ഈ വെള്ളം കടലിലേക്ക് ഒഴുക്കിവിടാൻ മാത്രമാണ് ആന്ധ്ര പ്രദേശിലുള്ളവർക്ക് കഴിയുന്നത്.
തർക്കത്തിന്‍റെ തുടക്കം
ഒന്നായിരുന്ന സംസ്ഥാനത്തെ വിഭജിച്ചത് മുതലാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമാകുന്നത്. നിലവില്‍ ഡാം ആന്ധ്രാപ്രദേശിലും പവർ ഹൗസ് തെലങ്കാന സർക്കാരിന്‍റെ നിയന്ത്രണത്തിലുമാണ്.
2016ലാണ് ഇവിടെ നിന്ന് വൈദ്യുതി ഉത്പാദനം ആരംഭിച്ചത്. 2019ലും 20ലും ഡാമിന്‍റെ പരമാവധി സംഭരണ ശേഷി വരെ ജലം സംഭരിച്ചിരുന്നു. വൈദ്യുതി ഉത്പാദനത്തിനല്ല പകരം ജലസേചന ആവശ്യങ്ങൾക്കാണ് ഡാം നിര്‍മിച്ചതെന്നാണ് പുലിചിന്തല ഡാം സൂപ്രണ്ട് എഞ്ചിനീയര്‍ രമേശ് പറയുന്നത്.
also read: കൃഷ്‌ണ ജലസേചന പദ്ധതി : ആന്ധ്രയ്‌ക്കെതിരെ തെലങ്കാന
സമീപ പ്രദേശങ്ങളിലെ കൃഷി ആവശ്യങ്ങള്‍ക്കായി ഗേറ്റുകളിലൂടെയോ റിവേഴ്സ് സ്ലൂയിസുകളിലൂടെയോ വെള്ളം പുറത്തുവിടുന്നതായിരുന്നു നേരത്തെയുള്ള പതിവ്. എന്നാൽ കഴിഞ്ഞ വർഷം മുതൽ ഞങ്ങൾ വൈദ്യുതി ഉത്പാദനത്തിന്‍റെ ഭാഗമായും വെള്ളം പുറന്തള്ളുന്നുണ്ട്. വ്യക്തമായ പ്രോട്ടോക്കോള്‍ പാലിച്ചാണ് ഇത് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആന്ധ്ര പ്രദേശിന്‍റെ വാദം
കഴിഞ്ഞ ജൂണ്‍ 19ന് വൈദ്യുതി ഉത്പാദനത്തിന്‍റെ ഭാഗമായി തെലങ്കാന കൂടുതൽ വെള്ളം തുറന്നുവിട്ടിരുന്നു. എന്നാല്‍ ഈ സമയത്ത് ആന്ധ്രാപ്രദേശില്‍ കൃഷി ആരംഭിച്ചിരുന്നില്ല. അതിനാല്‍ വലിയ തോതിൽ വെള്ളം കടലിലേക്ക് ഒഴുക്കി വിടേണ്ടി വന്നു. പ്രകാശത്തുള്ള ഡാം നിറയുന്ന തരത്തില്‍ വെള്ളം എത്തിയതിനാലാണ് ഇങ്ങനെ ചെയ്യേണ്ടി വന്നത്.
also read: ആന്ധ്രാ പ്രദേശിന്‍റെ പുതിയ ജലസേചന പദ്ധതിക്കെതിരെ തെലങ്കാന സർക്കാർ
കൃഷിയുള്ള സമയത്ത് മാത്രം വൈദ്യുതി ഉത്പാദനം നടത്തിയാല്‍ രണ്ട് സംസ്ഥാനങ്ങള്‍ക്കും പ്രയോജനപ്പെടുമെന്ന് തെലങ്കാനയുടെ ഭാഗത്തുള്ള പവർ ഹൗസിലെ ഉദ്യോഗസ്ഥരോട് അറിയിച്ചിരുന്നു. എന്നാല്‍ വിഷയം ഉന്നത തലത്തിലേക്ക് അയയ്ക്കാമെന്ന് മറുപടി നല്‍കിയതല്ലാതെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
തെലങ്കാനയുടെ നയം
തെലങ്കാന മന്ത്രിസഭയുടെ തീരുമാനമനുസരിച്ച് ജുറാല, പുലിചിന്തല, ശ്രീശൈലം, നാഗാർജുന സാഗർ എന്നിവിടങ്ങളിൽ വൈദ്യുതി ഉത്പാദനം തുടരും. ജലവൈദ്യുതി ഉത്പാദനത്തില്‍ ഇരു സംസ്ഥാനങ്ങളും തമ്മിൽ കരാറുകളില്ലാത്തതിനാല്‍ ഇത് തടയാൻ ആന്ധ്രാപ്രദേശിന് കഴിയില്ലെന്നാണ് തെലങ്കാനയുടെ പക്ഷം.
വെള്ളം പാഴാകുന്നുവെന്ന ആന്ധ്രാപ്രദേശിന്‍റെ ആരോപണം നിഷേധിച്ച തെലങ്കാന സർക്കാർ വൈദ്യുതി ഉത്പാദനശേഷം പുലിചിന്തലയിൽ നിന്ന് പുറന്തള്ളുന്ന വെള്ളം സംഭരിക്കാൻ ആവശ്യമായ നടപടികള്‍ സ്വീകരിക്കാൻ ആന്ധ്ര സർക്കാരിനോട് നിർദേശിച്ചു.