കൊൽക്കത്ത : തുടർച്ചയായ മൂന്നാം തവണയും കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ ഭരണം പിടിച്ചെടുത്ത് തൃണമൂൽ കോൺഗ്രസ്. 144 വാർഡുകളിൽ 2015ൽ 131 ഇടത്താണ് ടിഎംസി വിജയിച്ചതെങ്കിൽ ഇപ്രാവശ്യം 134 എണ്ണം നേടി. തൃണമൂലിന്‍റെ ഫിർഹദ് ഹക്കീം,കജോരി ബന്ധോപാധ്യായ്, ദേബാഷിഷ് കുമാർ, മാലാ റോയ്, പരേഷ് പാൽ തുടങ്ങിയ ശക്തരായ സ്ഥാനാർഥികൾ തെരഞ്ഞെടുപ്പിൽ മികച്ച മത്സരം കാഴ്‌ചവച്ചു.
രണ്ടിടങ്ങളില്‍ ഇടതുമുന്നണി സ്ഥാനാർഥികളും മൂന്ന് വാർഡുകളിൽ ബിജെപിയും വിജയിച്ചു. വാർഡ് അടിസ്ഥാനത്തിലുള്ള കണക്കുകൾ ബിജെപിക്ക് അനുകൂലമാണെങ്കിലും 144 വാർഡുകളിലെയും വോട്ട് വിഹിതത്തിന്‍റെ കാര്യത്തിൽ ഇടതുമുന്നണി സ്ഥാനാർഥികള്‍ ബിജെപി പ്രതിനിധികളേക്കാള്‍ വളരെ മുന്നിലാണ്. ഭൂരിപക്ഷം വാർഡുകളിലും ഇടതുമുന്നണി സ്ഥാനാർഥികൾക്ക് രണ്ടാം സ്ഥാനം നേടാനായി.
രണ്ട് വാർഡുകളിലാണ് കോൺഗ്രസിന് വിജയം നേടാനായത്. മൂന്ന് വാർഡുകളിൽ സ്വതന്ത്ര സ്ഥാനാർഥികളും വിജയിച്ചു. ഫലം പ്രഖ്യാപിച്ചയുടൻ 135-ാം വാർഡിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട സ്വതന്ത്ര സ്ഥാനാർഥി റുബീന നാസ് തൃണമൂൽ കോൺഗ്രസിലേക്ക് ചേക്കേറാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും മേയർ ഫിർഹദ് ഹക്കീമിനെ ബന്ധപ്പെടുകയും ചെയ്‌തു.
Also Read: സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കുന്നതിനുള്ള ബിൽ ലോക്‌സഭയിൽ
തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ കണക്കുകൾ പ്രകാരം 66 വാർഡുകളിലാണ് ഇടതുമുന്നണി സ്ഥാനാർഥികൾ രണ്ടാം സ്ഥാനത്തെത്തിയത്. 47 വാർഡുകളിൽ ബിജെപിയും 16 വാർഡുകളിൽ കോൺഗ്രസും അഞ്ച് വാർഡുകളിൽ സ്വതന്ത്രരും രണ്ടാം സ്ഥാനത്തെത്തി. ഡിസംബർ 19നായിരുന്നു മുനിസിപ്പൽ കോർപ്പറേഷൻ വോട്ടെടുപ്പ്.
തൃണമൂലിന്‍റെ തട്ടകങ്ങളിൽ കാര്യമായ വിള്ളൽ വീഴ്‌ത്താൻ പ്രതിപക്ഷ പാർട്ടികൾക്കായില്ല. മേയറായി ഹക്കീം തെരഞ്ഞെടുക്കപ്പെട്ടു. വോട്ടെണ്ണൽ ആരംഭിച്ചതിന് തൊട്ടുപിന്നാലെ അദ്ദേഹം മുഖ്യമന്ത്രി മമത ബാനർജിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.
പുതിയ കൗൺസിൽ ബോർഡ് രൂപീകരണത്തിന് ശേഷം മലിനജല സംവിധാനം മെച്ചപ്പെടുത്തുന്നതിനും കൊവിഡ് വാക്‌സിനേഷൻ വേഗത്തിൽ പൂർത്തീകരിക്കുന്നതിനും മുനിസിപ്പൽ കോർപ്പറേഷന്‍ ഊന്നൽ നൽകുമെന്ന് ഹക്കീം പറഞ്ഞു. ഇത് ജനങ്ങളുടെ വിജയമാണെന്നും അവർ പ്രതിപക്ഷത്തെ പൂർണമായും തള്ളിക്കളഞ്ഞെന്നും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി പ്രതികരിച്ചു.