കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടം നാളെ. സംസ്ഥാനത്ത് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കുന്നു. സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. അതേസമയം മികച്ച മുന്നേറ്റമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇടത്-കോണ്‍ഗ്രസ് - ഐഎസ്എഫ് സഖ്യം.ആദ്യ ഘട്ടത്തിൽ മുപ്പത് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. 21 വനിതകളടക്കം 191 സ്ഥാനാർഥികൾ ജനവിധി തേടും. ഏപ്രിൽ 29 വരെ എട്ട് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ്. മെയ് രണ്ടിനാണ് ഫല പ്രഖ്യാപനം.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ജെ. പി. നഡ്ഡ എന്നിവരുൾപ്പെടെ ബിജെപിയുടെ മുതിർന്ന നേതാക്കൾ ആദ്യ ഘട്ടത്തിൽ പ്രചാരണം നടത്തിയിരുന്നു. മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിലായിരുന്നു തൃണമൂലിന്‍റെ പ്രചാരണം. നന്ദിഗ്രാം സന്ദർശനത്തിനിടെ അവർക്ക് പരിക്കേറ്റിരുന്നു. തുടർന്ന് വീൽചെയറിലെത്തിയാണ് മമത പ്രചാരണം നടത്തിയത്. ബിജെപിയിൽ ചേർന്ന മുൻ മന്ത്രി സുവേന്ദു അധികാരിയാണ് മമത ബാനർജിയുടെ എതിരാളി. രണ്ടാം ഘട്ടത്തിലാണ് നന്ദിഗ്രാമിൽ പോളിങ്.