ന്യൂഡല്‍ഹി: രാജ്യത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ വിവാഹം ഏറ്റവും കുറവ് നടക്കുന്നത് കേരളത്തിലെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടത്തിയ ഡെമോഗ്രാഫിക് സാമ്പിൾ സർവേയിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. 2020ല്‍ ദേശീയ തലത്തില്‍ നടന്ന സര്‍വേയുടെ ഫലങ്ങളാണ് ഇപ്പോള്‍ പുറത്ത് വിട്ടത്.
പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് വിവാഹിതരായ പെണ്‍കുട്ടികളുടെ കണക്ക് ദേശീയ തലത്തില്‍ 1.9 ശതമാനമാണ്. എന്നാല്‍ കേരളത്തില്‍ ഇത് പൂജ്യമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ട സര്‍വേയില്‍ വ്യക്തമാക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ബാലിക വിവാഹം നടക്കുന്ന സംസ്ഥാനം ജാര്‍ഖണ്ഡാണ്.
ജാര്‍ഖണ്ഡില്‍ 5.8 ശതമാനം പെണ്‍കുട്ടികളും പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് വിവാഹിതരായവരാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ള ആകെ ബാലിക വിവാഹങ്ങളില്‍ ഭൂരിഭാഗവും ഗ്രാമപ്രദേശങ്ങളിലാണ് നടന്നതെന്നും സര്‍വേ ഫലത്തില്‍ വ്യക്തമാക്കുന്നു. 21 വയസ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് പകുതിയിലധികം പെണ്‍കുട്ടികളും വിവാഹിതരായ രാജ്യത്തെ രണ്ട് സംസ്ഥാനങ്ങള്‍ ജാർഖണ്ഡും പശ്ചിമ ബംഗാളുമാണെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.