ഹൈദരാബാദ് : തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം പിന്‍വാങ്ങാനൊരുങ്ങുമ്പോള്‍ മഴക്കമ്മിയില്‍ കേരളം രണ്ടാം സ്ഥാനത്ത് (Monsoon is about to retreat). ആഗോള താപനത്തിന്‍റെ നേരിട്ടുള്ള പ്രതിഫലനം കാലവര്‍ഷപ്പെയ്ത്തിലും പ്രതിഫലിച്ചതോടെ രാജ്യത്താകെ മഴക്കമ്മി ആറ് ശതമാനമാണെന്ന് ശാസ്ത്രജ്ഞര്‍ സൂചന നല്‍കുന്നു. ശരാശരി 865 മില്ലീമീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് ഇത്തവണ ലഭിച്ചത് 814.9 മില്ലീമീറ്റര്‍ മഴയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
കേരളത്തില്‍ ഇതേവരെ 38 ശതമാനം മഴ കമ്മിയാണെന്നാണ് വിലയിരുത്തല്‍. ജൂണില്‍ 60 ശതമാനവും ജൂലൈയില്‍ 9 ശതമാനവും ആഗസ്‌റ്റില്‍ 87 ശതമാനവും മഴ കുറഞ്ഞ ശേഷം സെപ്റ്റംബറിലാണ് സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചത്. സെപ്റ്റംബറില്‍ 33 ശതമാനം അധികമഴയാണ് കിട്ടിയത്. പസഫിക് സമുദ്രത്തിലെ എല്‍ നിനോ പ്രതിഭാസത്തിന്‍റെ കരിനിഴലിലാണ് ഇത്തവണ ജൂണില്‍ തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം അതിന്‍റെ പ്രയാണം ആരംഭിച്ചത് തന്നെ. കടല്‍പ്പരപ്പിലെ ചൂട് കൂടുന്ന എല്‍ നിനോ കാരണം നാലുമാസം നീളുന്ന വര്‍ഷ കാലത്തിന്‍റെ രണ്ടാം പകുതിയില്‍ മഴ ഗണ്യമായി കുറയുമെന്ന് വിദഗ്‌ദര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സെപ്റ്റംബര്‍ മാസത്തില്‍ രണ്ട് ന്യൂനമര്‍ദ്ദങ്ങള്‍ കാരണം പല സംസ്ഥാനങ്ങളിലും ലഭിച്ച മഴയാണ് രാജ്യത്തെ വരള്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. കേരളത്തിനും ആശ്വാസമായത് ഇപ്പോള്‍ ലഭിക്കുന്ന ഈ മഴ തന്നെ.
നാലുമാസം നീളുന്ന വര്‍ഷ കാലത്ത് ഇത്തവണ അതി തീവ്ര വേനലും മഴയുമൊക്കെ കണ്ടു. വൈകിയാരംഭിച്ച കാലവര്‍ഷം തുടക്കത്തില്‍ അത്ര ശക്തമാകാഞ്ഞതു കൊണ്ടു തന്നെ ജൂണ്‍ മാസത്തില്‍ മഴപ്പെയ്ത്തില്‍ 10 ശതമാനത്തിന്‍റെ കുറവുണ്ടായി. അറബിക്കടലിനു മുകളില്‍ രൂപം കൊണ്ട ബിപോര്‍ജോയ് ചുഴലിക്കാറ്റ് മഴമേഘങ്ങളെ മുഴുവന്‍ വടിച്ചെടുത്തതിനാല്‍ ജൂണ്‍ മാസത്തില്‍ കാലവര്‍ഷത്തില്‍ വലിയ ഇടിവുണ്ടായി. രാജ്യത്ത് ജൂണിലുണ്ടായ മഴക്കമ്മി 10 ശതമാനമാണെന്നാണ് കണക്ക്.
കാലവര്‍ഷത്തിന്‍റെ അഭാവം കാരണം രാജ്യത്തിന്‍റെ കിഴക്കന്‍ മേഖലകളില്‍ ഉഷ്‌ണ തരംഗത്തിനും സാക്ഷ്യം വഹിച്ചു. ആഗോള താപനത്തിന്‍റെ ഫലമായുള്ള കൂടിയ ബാഷ്‌പീകരണ നിരക്കും അന്തരീക്ഷത്തില്‍ കൂടിയ അളവിലുള്ള നീരാവിയുടെ സാന്നിധ്യവും ഉഷ്‌ണത്തിന് ആക്കം കൂട്ടി. ഓഗസ്‌റ്റിലാണ് നൂറ്റാണ്ടിലെ തന്നെ ഏറ്റവും കൂടുതല്‍ മഴക്കമ്മി രാജ്യം നേരിട്ടത്. 254.9 മില്ലീമീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് കിട്ടിയത് 162.7 മില്ലീമീറ്റര്‍ മാത്രം. കാലവര്‍ഷം മുറിഞ്ഞു പെയ്യുന്ന പുതിയ പ്രവണതയുടെ ഫലമായി ഓഗസ്‌റ്റില്‍ രാജ്യത്ത് മഴപ്പെയ്ത്ത് ഏറ്റവുമധികം കുറഞ്ഞത് ഗുജറാത്തിലാണ്. 90.67 ശതമാനം.
കേരളത്തില്‍ 86.61 ശതമാനത്തിന്‍റേയും രാജസ്ഥാനില്‍ 80.15 ശതമാനത്തിന്‍റേയും കര്‍ണാടകയില്‍ 74.16 ശതമാനത്തിന്‍റേയും തെലങ്കാനയില്‍ 64.66 ശതമാനത്തിന്‍റേയും കുറവുണ്ടായി. സെപ്റ്റംബര്‍ ആദ്യവും മഴ കുറവായിരുന്നെങ്കിലും പിന്നീട് വന്ന ന്യൂന മര്‍ദ്ദങ്ങള്‍ കാരണം സ്ഥിതി അല്‍പ്പം മെച്ചപ്പെട്ടു. സെപ്റ്റംബര്‍ ആദ്യം മഴ ലഭ്യതയില്‍ 11 ശതമാനം കുറവുണ്ടായിരുന്നത് ഇപ്പോള്‍ ആറ് ശതമാനത്തിന്‍റെ കുറവായി മാറിയിട്ടുണ്ട്.
മാസം | യഥാർഥം | സാധാരണ | സാധാരണയിൽ അധികം |
ജൂണ്‍ | 148.6 mm | 165.3 mm | -10% |
ജൂലൈ | 315.9 mm | 289.5 mm | 13% |
ഓഗസ്‌റ്റ് | 162.7 mm | 254.9 mm | -36% |
സംസ്ഥാനതലത്തില്‍ മഴപ്പെയ്ത്തിലെ കമ്മി പരിശോധിച്ചാല്‍ ഏറ്റവുമധികം നഷ്‌ടമുണ്ടായിരിക്കുന്നത് കേരളത്തിനാണ്. 36 ശതമാനം കമ്മി. ജാര്‍ഖണ്ഡിന് 27 ശതമാനവും ബിഹാറിന് 24 ശതമാനവും മഴക്കമ്മി നേരിടേണ്ടി വന്നു. രാജ്യത്തെ 36 കാലാവസ്ഥാ നിരീക്ഷണ സബ് ഡിവിഷനുകളില്‍ 26 എണ്ണത്തില്‍ മഴ ലഭ്യത സാധാരണ നിലയിലായിരുന്നു. രാജ്യ വിസ്‌തൃതിയില്‍ 18 ശതമാനം വരുന്ന 7 സബ്‌ഡിവിഷനുകളില്‍ മഴക്കമ്മി രൂക്ഷമായിരുന്നു. 3 സബ്‌ഡിവിഷനുകളില്‍ പതിവില്‍ക്കവിഞ്ഞ മഴ ലഭിച്ചു.
സബ് ഡിവിഷൻ | യഥാർഥ മഴ (ജൂണ്‍ 1 - സെപ്‌റ്റംബര്‍ 29) | സാധാരണ മഴ (ജൂണ്‍ 1 - സെപ്‌റ്റംബര്‍ 29) | സാധാരണയിൽ അധികം |
കിഴക്ക് വടക്കുകിഴക്ക് ഇന്ത്യ | 1108.4 | 1361.2 | -19% |
ദക്ഷിണ പെനിൻസുല | 650.0 | 710.0 | -8% |
മധ്യ ഇന്ത്യ | 974.8 | 974.7 | 0% |
വടക്കുപടിഞ്ഞാറൻ ഇന്ത്യ | 593.0 | 586.6 | 1% |