ന്യൂഡൽഹി : ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരളം സമർപ്പിച്ച ഹർജിയിൽ കേന്ദ്ര സർക്കാരിന് നോട്ടിസ് അയച്ച് സുപ്രീം കോടതി. നിയമസഭ പാസാക്കിയ ബില്ലുകൾ പരിഗണിക്കുന്നത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വൈകിപ്പിക്കുന്നുവെന്നാണ് കേരളത്തിന്‍റെ പരാതി. കേന്ദ്ര സർക്കാരിനെ കൂടാതെ ഗവർണറുടെ അഡീഷണൽ ചീഫ് സെക്രട്ടറിക്കും കോടതി നോട്ടിസ് അയച്ചിട്ടുണ്ട്.
കേരളത്തിന്‍റെ ഹർജി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വെളളിയാഴ്‌ച പരിഗണിക്കും. വെളളിയാഴ്‌ചയ്ക്കുളളിൽ നോട്ടിസിന് മറുപടി നൽകണമെന്നാണ് സുപ്രീം കോടതിയുടെ നിർദേശം. ഗവർണർ ബില്ലുകൾ ഒപ്പിടാതെ വൈകിപ്പിക്കുന്ന സാഹചര്യത്തിലാണ് കേരളം ഹർജി നൽകിയത്.
സംസ്ഥാന നിയമസഭ പാസാക്കിയ എട്ട് ബില്ലുകളിൽ ഗവർണർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ബില്ലുകളിൽ ഗവർണറുടെ ഭാഗത്തുനിന്ന് നിഷ്ക്രിയത്വമുണ്ടെന്നാണ് സംസ്ഥാന സർക്കാർ അവകാശപ്പെടുന്നത്. മൂന്ന് ബില്ലുകൾ രണ്ട് വർഷത്തിൽ കൂടുതലായി ഗവർണർ വൈകിപ്പിക്കുന്നുവെന്ന് കാണിച്ചാണ് കേരളം സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്.
ഭരണഘടനയിലെ 200-ാം ആർട്ടിക്കിൾ പ്രകാരം നിയമസഭ പാസാക്കി പരിഗണനയ്‌ക്ക് അയക്കുന്ന ബില്ലുകളിൽ ഗവർണർ എത്രയും വേഗം തീരുമാനം എടുക്കണമെന്നാണ്. എന്നാൽ ഗവർണറുടെ അനുമതിക്കായി ബില്ലുകൾ അവതരിപ്പിച്ചിട്ടും ഭരണഘടനയുടെ അടിസ്ഥാന ഘടനയ്‌ക്ക് വിരുദ്ധമായാണ് ഗവർണർ വർത്തിക്കുന്നതെന്ന് കേരളം ആരോപിച്ചു. കേരള സർക്കാരിനെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ കെ കെ വേണുഗോപാൽ, ഗവർണർമാർ നിയമസഭയുടെ ഭാഗമാണെന്ന് മനസിലാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി.
3 ഓർഡിനൻസുകളിൽ ഗവർണർ ഒപ്പുവച്ചിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം രണ്ട് വർഷത്തിൽ കൂടുതലായി ഗവർണർ ബിൽ വൈകിപ്പിക്കുകയാണെന്നും വ്യക്തമാക്കി. കേസിൽ അറ്റോർണി ജനറലിനോടും സോളിസിറ്റർ ജനറലിനോടും സഹായിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ടെന്നും രേഖകൾ അവർക്ക് നൽകിയിട്ടുണ്ടെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി. വിഷയത്തിൽ കേന്ദ്ര സർക്കാരിന് വേണ്ടി അറ്റോർണി ജനറലും സോളിസിറ്റർ ജനറലും വെള്ളിയാഴ്‌ച ഹാജരാകാൻ സുപ്രീം കോടതി ബെഞ്ച് നിർദേശിച്ചിട്ടുണ്ട്.
ഗവർണറുടെ നിലപാട് കേരള സർക്കാരിന്‍റെ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാക്കുന്നുവെന്ന് ഹർജിയിൽ പരാമർശമുണ്ട്. ബില്ലുകൾ ഒപ്പിടാതെ തീരുമാനം വൈകിപ്പിക്കുന്നത് ഗവർണർ ജനങ്ങളോടും നിയമസഭാംഗങ്ങളോടും കാണിക്കുന്ന കടുത്ത അനീതിയാണ്.
സംസ്ഥാനത്തെ ജനങ്ങളുടെ അവകാശങ്ങളെ ഇല്ലാതാക്കുന്നതിന് പുറമെ, നിയമവാഴ്‌ചയും ജനാധിപത്യ സദ്ഭരണവും ഉൾപ്പടെ ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങളെ പരാജയപ്പെടുത്തുന്നതും അട്ടിമറിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമാണ്. ക്ഷേമ നടപടികൾ ബില്ലുകളിലൂടെ നടപ്പാക്കാനാണ് സർക്കാരിന്‍റെ ശ്രമമെന്നും ഹർജിയിൽ പറയുന്നു. തന്‍റെ അവതരിപ്പിക്കപ്പെട്ട ബില്ലുകൾ ഇത്രയും കാലം തീർപ്പാക്കാതെ വച്ചതിലൂടെ ഗവർണർ ഭരണഘടനാ വ്യവസ്ഥകളെ നേരിട്ട് ലംഘിക്കുകയാണെന്നും കേരളം ഹർജിയിൽ ഊന്നിപ്പറഞ്ഞു.
അതേസമയം ബില്ലുകൾ കൂടുതൽ കാലതാമസമില്ലാതെ തീർപ്പാക്കാൻ ഗവർണറോട് കേന്ദ്രം നിർദേശിക്കണമെന്ന് സുപ്രീം കോടതി അറിയിച്ചു.സംസ്ഥാന അസംബ്ലികൾ പാസാക്കിയ ബില്ലുകൾക്ക് ഗവർണർമാർ അനുമതി നൽകുന്നതിൽ കാലതാമസം വരുത്തുന്നുവെന്ന് ആരോപിച്ച് അടുത്തിടെ തമിഴ്‌നാട്, പഞ്ചാബ് സർക്കാരുകളും സുപ്രീം കോടതിയെ സമീപിച്ചിരുന്നു.