ന്യൂഡൽഹി: ഡല്‍ഹിക്കുള്ള ഓക്സിജൻ ക്വാട്ട വർധിപ്പിച്ചതിൽ കേന്ദ്ര സർക്കാരിന് നന്ദി അറിയിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പല പ്രമുഖ സർക്കാർ, സ്വകാര്യ ആശുപത്രികളിലും ഇന്ന് പുതിയ ഓക്സിജൻ സ്റ്റോക്ക് എത്തിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഡൽഹിയിലെ കൊവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി ഉയർന്നതിനെ തുടർന്നും ഓക്സിജൻ ക്ഷാമം രൂക്ഷമായതിനാലും ഡൽഹി മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും കേന്ദ്രത്തോട് കൂടുതൽ അളവ് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസത്തെ കണക്ക് പ്രകാരം ഡൽഹിയിൽ 28,395 പുതിയ കേസുകളും 277 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 12,638 ആയി. 19,430 പേർ കൂടി രോഗമുക്തരായതോടെ ആകെ ഭേദമായവരുടെ എണ്ണം 8,07,328 ആയി. 85,575 പേരാണ് നിലവിൽ രാജ്യ തലസ്ഥാനത്ത് ചികിത്സയിലുള്ളത്.