ഡെറാഡൂണ്‍ (ഉത്തരാഖണ്ഡ്) : കേദാര്‍നാഥ് ധാമിന്‍റെ പ്രധാന ഇടത്താവളമായ ഗൗരികുണ്ടില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ കടകള്‍ തകര്‍ന്ന് ആളുകള്‍ അവശിഷ്‌ടങ്ങള്‍ക്കടിയില്‍. സംഭവത്തില്‍ 13 പേരെ കാണാതായെന്നാണ് റിപ്പോര്‍ട്ട്. മണ്ണിടിച്ചില്‍ ഉണ്ടായ സമയത്ത് നിരവധി പേര്‍ കടകള്‍ക്കുള്ളില്‍ ഉറങ്ങുകയായിരുന്നു. അപകടത്തില്‍പ്പെട്ടവരില്‍ ഭൂരിഭാഗവും പ്രദേശവാസികളാണെന്നാണ് വിവരം.
കേദാര്‍നാഥ് ധാമിന്‍റെ പരിസരത്ത് കനത്ത മഴ തുടരുകയാണ്. ഇന്നലെ മഴ ശക്തമായതോടെയാണ് കേദാര്‍നാഥ് ധാമിന്‍റെ പ്രധാന ഇടത്താവളമായ ഗൗരികുണ്ടില്‍ മണ്ണിടിഞ്ഞ് അപകടമുണ്ടായത്. വിവരം അറിഞ്ഞ് എസ്‌ഡിആര്‍എഫ് സംഘം സ്ഥലത്തെത്തിയിട്ടുണ്ടെങ്കിലും മഴ ശക്തമായി തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ആരംഭിക്കാനായിട്ടില്ല.
മണ്ണിടിച്ചിലില്‍ കട തകര്‍ന്നതിനാല്‍ ആളുകള്‍ അവശിഷ്‌ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കാനും മന്ദാകിനി നദിയിലെ ഒഴുക്കില്‍ പെടാനും സാധ്യതയുണ്ടെന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്. കാണാതായവരില്‍ നേപ്പാളി സ്വദേശികളും ഉണ്ടെന്നാണ് സൂചന. രാത്രി തന്നെ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും ആരെയും കണ്ടെത്താനായിരുന്നില്ല.
മഴ ശമിച്ചാല്‍ മാത്രമേ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുനരാരംഭിക്കാന്‍ സാധിക്കൂ. അതേസമയം പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് കേദാര്‍നാഥ് യാത്ര താത്‌കാലികമായി നിര്‍ത്തിവച്ചു.
ഒഡിഷയില്‍ കഴിഞ്ഞ ദിവസം അതിശക്തമായ മഴയാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ബൗധ് മേഖലയില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു. ഫിഷറീസ് വകുപ്പിന്‍റെ കുളങ്ങള്‍ നിറഞ്ഞൊഴുകി മീനുകള്‍ ദേശീയ പാതയിലെത്തിയിരുന്നു. മഴ വകവയ്‌ക്കാതെ പരിസരവാസികള്‍ മീന്‍പിടിക്കാനിറങ്ങിയതും വാര്‍ത്തയായി.
അതേസമയം കേരളത്തില്‍ വിവിധയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തൃശൂര്‍, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.
ശ്രീലങ്കന്‍ തീരം, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, വടക്കന്‍ ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ ഇന്ന് മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഗള്‍ഫ് ഓഫ് മാന്നാര്‍, തെക്കന്‍ തമിഴ്‌നാട് തീരം, കന്യാകുമാരി തീരം എന്നിവിടങ്ങളില്‍ ഇന്നും നാളെയും മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഈ വര്‍ഷത്തെ കാലവര്‍ഷം പകുതി പിന്നിട്ടപ്പോള്‍ സംസ്ഥാനത്ത് ലഭിച്ച മഴയില്‍ 35 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഈ മാസവും മഴ കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. 1301.7 മില്ലീമീറ്ററാണ് ജൂണ്‍ 1 മുതല്‍ ജൂലൈ 31വരെ കേരളത്തില്‍ സാധാരണ ലഭിക്കേണ്ട മഴ. എന്നാല്‍ ഇതുവരെ ലഭിച്ചത് 852 മില്ലീമീറ്റര്‍ മഴ മാത്രം. ഈ അവസ്ഥ തുടരുകയാണെങ്കില്‍ കേരളത്തെ കാത്തിരിക്കാന്‍ പോകുന്നത് വലിയ ജലക്ഷാമം ആയിരിക്കും.