ന്യൂഡൽഹി : സ്വയം ബിജെപി വിരുദ്ധ മുഖമായി തന്നെ ഉയര്‍ത്തിക്കാട്ടുകയും സമാന ചിന്താഗതിക്കാരെ കൂടെനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുമ്പോഴും തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന് പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത പ്രസ്‌താവനയില്‍ ഇടം കിട്ടിയില്ല. കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി, എൻസിപി അധ്യക്ഷൻ ശരദ് പവാർ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എന്നിവരുൾപ്പെടെ 13 പ്രതിപക്ഷ പാർട്ടികളുടെ മുതിർന്ന നേതാക്കൾ ഇറക്കിയ സംയുക്ത പ്രസ്‌താവനയിൽ ടിആര്‍എസ് നേതാവ് ചന്ദ്രശേഖര്‍ റാവുവിന് പുറമെ ടിഡിപി നേതാവ് എൻ ചന്ദ്രബാബു നായിഡു, ജനതാദൾ (സെക്കുലർ) നേതാവ് എച്ച്‌ഡി ദേവഗൗഡ എന്നിവരുമില്ല.
കെസിആറിന്‍റെ ദേശീയ രാഷ്‌ട്രീയ അഭിലാഷങ്ങൾക്ക് മങ്ങലേല്‍പ്പിക്കുന്നതാണ് അദ്ദേഹത്തെ മാറ്റിനിര്‍ത്തിയുള്ള നീക്കം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന വർഗീയ കലാപങ്ങളിൽ ആശങ്ക രേഖപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു പ്രതിപക്ഷ നേതാക്കൾ പുറത്തിറക്കിയ സംയുക്ത പ്രസ്‌താവന. അതേസമയം മൂന്ന് പ്രധാന പാർട്ടികളെ സംയുക്ത പ്രസ്‌താവനയിൽ ഒഴിവാക്കിയത് പ്രതിപക്ഷ ഐക്യത്തിനേറ്റ പ്രഹരമായാണ് രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നത്.
2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി അണികളെ തങ്ങൾക്കൊപ്പം നിർത്തുന്നതിനായി പ്രതിപക്ഷ പാർട്ടികൾ കളമൊരുക്കുന്നതിനിടയിൽ ടിആർഎസ്, ടിഡിപി, ജെഡി(എസ്) എന്നിവയെ ഉൾപ്പെടുത്താതിരുന്നത് നിര്‍ണായകമാണ്. പ്രതിപക്ഷ പാളയത്തിൽ കെസിആർ ഒറ്റപ്പെടുന്നതിന്‍റെ സൂചന കൂടിയാണിത്. അടുത്തിടെ ദേശീയ രാഷ്‌ട്രീയ അഭിലാഷങ്ങൾ പ്രകടിപ്പിച്ച കെസിആർ ബിജെപിയെ നേരിടാനായി മൂന്നാം മുന്നണി രൂപീകരിക്കാൻ 'സമാന ചിന്താഗതിക്കാരായ' പാർട്ടികളോട് ആഹ്വാനം ചെയ്‌തിരുന്നു.
ബിജെപി വിരുദ്ധ പാർട്ടികളെ ഒരു വേദിയിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ശക്തമാക്കുന്നതിന്‍റെ ഭാഗമായി കെസിആർ നിരവധി പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ചയും നടത്തി. ഫെബ്രുവരിയിൽ മുംബൈ സന്ദർശന വേളയിൽ അദ്ദേഹം ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ, എൻസിപി നേതാവ് ശരദ് പവാർ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സമീപകാലത്ത് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ നടത്തിയ അപകീർത്തികരമായ പരാമർശങ്ങളുടെ പേരിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കുകയും ചെയ്‌തിരുന്നു.
എന്നാൽ തെലങ്കാന പാർട്ടി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ ടിആർഎസുമായി സഖ്യമുണ്ടാക്കില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. കോൺഗ്രസിനെ ഉൾപ്പെടുത്താതെ ഒരു പ്രതിപക്ഷ മുന്നണിയും സാധ്യമല്ലെന്ന് ശരദ് പവാറും ശിവസേനയും വ്യക്തമാക്കിയിട്ടുമുണ്ട്.