ഹൈദരാബാദ്: പാര്‍ട്ടിയുടെ മുപ്പതോളം എംഎല്‍എമാരെ വിലയ്‌ക്കെടുത്ത് സര്‍ക്കാരിനെ താഴെയിറക്കാനാണ് ബിജെപി ശ്രമമെന്ന് ആരോപിച്ച് തെലങ്കാന രാഷ്‌ട്ര സമിതിയുടെ (ടിആർഎസ്) അധ്യക്ഷനും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖർ റാവു. മുനുഗോഡെ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുനുഗോഡെ റാവു സെഗ്‌മെന്‍റിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് ടിആര്‍എസ് എംഎല്‍എമാരുടെ കേസ് ചൂണ്ടിക്കാട്ടിയുള്ള കെസിആറിന്‍റെ പ്രതികരണം. ഡൽഹിയിൽ നിന്നുള്ള ബ്രോക്കർമാർ വന്ന് എംഎൽഎമാർക്ക് 100 കോടി രൂപ വീതം കൈക്കൂലി വാഗ്ദാനം ചെയ്യാന്‍ ശ്രമിച്ചത് നിങ്ങള്‍ കണ്ടിരിക്കുമെന്നു, എന്നാൽ യഥാർത്ഥ മണ്ണിന്റെ മക്കളായ നിയമസഭാംഗങ്ങൾ വാഗ്ദാനം നിരസിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ടിആർഎസിന്‍റെ 20 മുതല്‍ 30 എംഎൽഎമാരെ വിലയ്‌ക്കുവാങ്ങി സർക്കാരിനെ താഴെയിറക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇതുവഴി തെലങ്കാനയിലേക്ക് കടന്നുകയറി ഇഷ്‌ടാനുസരണം സ്വകാര്യവത്കരണം നടത്താനാണ് അവര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. മാത്രമല്ല ബിജെപി ലക്ഷ്യം വച്ച നാല് നിയമസഭ സാമാജികരെയും അദ്ദേഹം പൊതുയോഗത്തില്‍ അണിനിരത്തി. പണം വാഗ്‌ദാനം ചെയ്‌തുവെന്ന ടിആർഎസ് എംഎല്‍എ പി രോഹിത് റെഡ്ഡിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രാമചന്ദ്ര ഭാരതി എന്ന സതീഷ് ശർമ്മ, നന്ദകുമാർ, സിംഹയാജി സ്വാമി എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ക്രിമിനൽ ഗൂഢാലോചന, കൈക്കൂലി വാഗ്ദാനം, 1988ലെ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
തനിക്ക് 100 കോടി വാഗ്‌ദാനം ചെയ്‌തുവെന്നും പ്രത്യുപകാരമായി ടിആർഎസ് വിട്ട് വരാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർഥിയായി മത്സരിക്കാനും അവര്‍ അവര്‍ ആവശ്യപ്പെട്ടതായി രോഹിത് റെഡ്ഡി ആരോപിച്ചു. എന്നാല്‍ എംഎൽഎമാരെ പണം കൊടുത്ത് കൂടെക്കൂട്ടാന്‍ ശ്രമിച്ചുവെന്ന ടിആർഎസ് ആരോപണത്തില്‍ ബിജെപി സംസ്ഥാന നേതൃത്വം കഴിഞ്ഞദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് കേന്ദ്ര അന്വേഷണ സംഘമായ സിബിഐക്കോ അല്ലെങ്കില്‍ പ്രത്യേക അന്വേഷണ സംഘത്തിനോ കൈമാറണമെന്നാവശ്യപ്പെട്ടാണ് ബിജെപി കോടതിയെ സമീപിച്ചത്.