ഛണ്ഡിഗഡ്: ന്യൂഡൽഹിയിൽ പ്രധാനമന്ത്രി വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ കശ്മീരി പണ്ഡിറ്റുകളുടെ ഒരു നേതാവിനെ എങ്കിലും പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കശ്മീരി പണ്ഡിറ്റുകൾ രംഗത്തെത്തി. ജമ്മുകശ്മീർ വിഷയത്തിൽ പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ കശ്മീരി പണ്ഡിറ്റുകളെ ക്ഷണിക്കാത്തത് തികച്ചും നിരാശജനകമാണെന്ന് ഫരീദബാദിലെ പണ്ഡിറ്റ് സമൂഹം പ്രതികരിച്ചു. ഒരാളെയെങ്കിലും യോഗത്തിന് ക്ഷണിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
വ്യാഴാഴ്‌ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച സര്‍വകക്ഷിയോഗം ചേരുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശിയ സുരക്ഷ ഉപദേഷ്‌ടാവ് അജിത് ദോവൽ, കശ്‌മീർ ലഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ, ആഭ്യന്തര സെക്രട്ടറി തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കും.
സർവകക്ഷി യോഗത്തിന്‍റെ അജണ്ട നിശ്ചയിച്ചിട്ടില്ലെന്നും വ്യാഴാഴ്‌ച തുറന്ന ചർച്ച നടക്കാനാണ് സാധ്യതയെന്നുമാണ് റിപ്പോർട്ടുകൾ. ജമ്മു കശ്‌മീരിന്‍റെ സംസ്ഥാന പദവി, നിയമസഭ തെരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങൾ സർവകക്ഷിയോഗത്തിൽ ചർച്ചയായേക്കും.
Read More: സർവകക്ഷിയോഗം; ജമ്മു കശ്‌മീർ നേതാക്കൾ ഡൽഹിയിലേക്ക് തിരിച്ചു
ഗുപ്‌കർ സഖ്യം ചൊവ്വാഴ്‌ച യോഗം ചേരുകയും സർവകക്ഷിയോഗത്തിൽ പങ്കെടുക്കാമെന്ന തീരുമാനത്തിലെത്തിയിരുന്നു. ഗുപ്‌കർ സഖ്യത്തിന്‍റെ ഭാഗമാണ് പിഡിപി. ജമ്മു കശ്‌മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം ജമ്മു കശ്‌മീരിലെ നേതാക്കളുമായി നടത്തുന്ന ആദ്യത്തെ യോഗമാണ് നടക്കാൻ പോകുന്നത്.