ഹൈദരാബാദ്: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ശശി തരൂരിന് പൂര്‍ണ പിന്തുണയുമായി കാർത്തി ചിദംബരം എംപി. പരിഷ്‌കരണ ചിന്തയുള്ള ആള്‍ പാര്‍ട്ടിയുടെ തലപ്പത്ത് എത്തേണ്ടത് അനിവാര്യമാണ്. ബിജെപിയുടെ വിഭജന രാഷ്‌ട്രീയത്തിനെതിരെ പോരാടാന്‍ മുൻ നയതന്ത്രജ്ഞന്‍റെ ആധുനികമായ പ്രായോഗികത അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
പതിവുരീതികള്‍ കോൺഗ്രസിനെ സഹായിക്കാത്തതിനാല്‍ പാർട്ടിയിൽ പരിഷ്‌കരണ ചിന്തകൾ അടിയന്തരമായി ആവശ്യമാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ട്വീറ്റ് ചെയ്‌തു. കാർത്തിയുടെ കുറിപ്പ് റീട്വീറ്റ് ചെയ്‌ത് പിന്തുണയ്‌ക്ക് തരൂർ നന്ദിയറിയിച്ചു.
ALSO READ| 'കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറില്ല': വാര്‍ത്തകള്‍ തള്ളി ശശി തരൂര്‍
അതേസമയം, കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളി ശശി തരൂര്‍ രംഗത്തെത്തി. ഒരിക്കലും മത്സരത്തില്‍ നിന്ന് താന്‍ പിന്നോട്ടില്ലെന്നും അവസാനം വരെ പോരാടുമെന്നും തരൂര്‍ വ്യക്തമാക്കി. 'ഞാന്‍ നാമനിര്‍ദേശ പത്രിക പിന്‍വലിച്ചു എന്ന തരത്തില്‍ ഡല്‍ഹിയില്‍ നിന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകട്ടെ, ഒരു വെല്ലുവിളിയിൽ നിന്നും പിന്മാറില്ല', ശശി തരൂര്‍ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു.