ന്യൂഡൽഹി : സിബിഐ ഡയറക്‌ടറായി, കർണാടക ഡിജിപി പ്രവീൺ സൂദിനെ നിയമിച്ചു. പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ലോക്‌സഭ പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന സമിതിയാണ് സിബിഐ മോധാവിയെ തെരഞ്ഞെടുത്തത്. സുബോധ് കുമാർ ജയ്‌സ്വാള്‍ മെയ് 25ന് സിബിഐ ഡയറക്‌ടര്‍ സ്ഥാനത്തുനിന്നും പടിയിറങ്ങുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം.
കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ പ്രവീൺ സൂദിനെതിരെ നേരത്തെ രംഗത്തെത്തിയിരുന്നു. ബസവരാജ് ബൊമ്മെ സർക്കാരിനെ വഴിവിട്ട് സംരക്ഷിക്കുന്നുവെന്നായിരുന്നു ഡികെയുടെ ആരോപണം. പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരുടെ നേതൃത്വത്തില്‍ ശനിയാഴ്‌ചയാണ് യോഗം ചേര്‍ന്നത്. രണ്ട് വര്‍ഷത്തേക്കാണ് നിയമനം. 1986 ബാച്ചുകാരനായ കർണാടക കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ് പ്രവീൺ സൂദ്.
കോൺഗ്രസ് നേതാക്കളെ വ്യാജ കേസുകളില്‍ പെടുത്തുന്നുവെന്നും ഇദ്ദേഹത്തെ സ്ഥാനത്തുനിന്നും നീക്കണമെന്നും ഡികെ ശിവകുമാര്‍ ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസിന്‍റെ എതിർപ്പുകള്‍ മറികടന്നാണ് പ്രവീണിന്‍റെ നിയമനം. ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നുമുള്ള മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ പേരുകള്‍ തള്ളിയാണ് തീരുമാനം. മഹാരാഷ്‌ട്ര കേഡറിൽ നിന്നുള്ള 1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് നിലവിലെ സിബിഐ മേധാവി. മുംബൈ പൊലീസില്‍ മുൻ കമ്മിഷണറായിരുന്ന ജയ്‌സ്വാൾ, 2021 മെയ് 26നാണ് സിബിഐയിലെ ചുമതല ഏറ്റെടുത്തത്.