ബെംഗളൂരു: യൂറോപ്യൻ രാജ്യങ്ങളിൽ കൊറോണ വൈറസിന്‍റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ അന്താരാഷ്‌ട്ര വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പരിശോധന ശക്തമാക്കി കർണാടക സർക്കാർ. ബ്രിട്ടൻ ഉൾപ്പെട്ട യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവ്വീസുകൾ ഡിസംബർ 31 വരെ ഇന്ത്യ നിർത്തിവെച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തിന്‍റെ നടപടി.
ഡിസംബർ ഏഴ് മുതൽ യുകെയിൽ നിന്ന് എത്തിയ യാത്രക്കാരുടെ പട്ടിക നൽകാൻ ബെംഗളൂരുവിലെയും മംഗളൂരുവിലെയും അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്ക് കർണാടക സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. യാത്രക്കാർ നിർബന്ധമായും 14 ദിവസം ക്വാറന്‍റൈനിൽ തുടരണമെന്നും സർക്കാർ അറിയിച്ചു.