ബെംഗളൂരു: കൈക്കൂലി വാങ്ങുന്നതിനിടെ കര്‍ണാടകയില്‍ ഫുഡ് ഇന്‍സ്‌പെക്‌ടറെ ലോകായുക്ത പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം രാത്രിയില്‍ നടന്ന നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് ഫുഡ് ഇൻസ്പെക്‌ടർ മഹന്തേ ഗൗഡ ബി കടബാലുവിനെ ലോകായുക്ത കസ്റ്റഡിയിലെടുത്തത്. രംഗ്‌ധാമയ്യ എന്ന വ്യക്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഫുഡ് ഇന്‍സ്‌പെക്‌ടര്‍ പിടിയിലാകുന്നത്.
ഭക്ഷ്യ ഉത്‌പന്നങ്ങളുടെ വില്‍പ്പനയ്‌ക്ക് ആവശ്യമായ ട്രേഡ് ലൈസൻസ് പരിശോധിക്കുന്നതിനായാണ് ഫുഡ് ഇന്‍സ്‌പെക്‌ടര്‍ രംഗ്‌ധാമയ്യയോട് കൈക്കൂലി ആവശ്യപ്പെട്ടിരുന്നത്. ലൈസന്‍സിനായി ഒരു ലക്ഷം രൂപ നല്‍കണമെന്നായിരുന്നു മഹന്തേ ഗൗഡയുടെ ആവശ്യം. ഇതനുസരിച്ച്, രംഗ്‌ധാമയ്യ ആദ്യം 10,000 രൂപ ഫുഡ് ഇന്‍സ്‌പെക്‌ടര്‍ക്ക് കൈമാറി.
ഇതിന് പിന്നാലെ, ഫുഡ് ഇന്‍സ്‌പെക്‌ടര്‍ മഹന്തേ ഗൗഡ ഇയാളോട് കൂടുതല്‍ തുക ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് രംഗ്‌ധാമയ്യ ലോകായുക്തയില്‍ പരാതി നല്‍കിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ലോകായുക്ത നടപടി സ്വീകരിച്ചത്.
പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ (ജൂലൈ 14) രാത്രി മഹന്തേ ഗൗഡയുടെ സ്ഥാപനത്തില്‍ റെയ്‌ഡ് നടത്തി ഇയാളെ പിടികൂടാനായിരുന്നു ലോകായുക്ത പൊലീസിന്‍റെ ശ്രമം. ഈ പദ്ധതി പ്രകാരം രാത്രി ഏറെ വൈകിയാണ് അന്വേഷണ സംഘം ഫുഡ് ഇന്‍സ്‌പെക്‌ടറുടെ സ്ഥാപനത്തിലേക്ക് എത്തിയതും.
അന്വേഷണ സംഘത്തെ തിരിച്ചറിഞ്ഞതോടെ ഇവിടെ നിന്നും രക്ഷപ്പെടാന്‍ മഹന്തേ ഗൗഡ ശ്രമിച്ചിരുന്നു. ലോകായുക്ത ഉദ്യോഗസ്ഥരുടെ വാഹനത്തില്‍ ഇടിച്ച് സ്ഥലത്ത് നിന്നും രക്ഷപ്പെട്ട ഇയാള്‍ ഏകദേശം 15 കിലോമീറ്ററോളം ദൂരം പോയി. വാഹനത്തെ പിന്തുടര്‍ന്നെത്തിയാണ് ലോകായുക്ത പൊലീസ് സംഘം മഹന്തേ ഗൗഡയെ പിടികൂടിയത്.
ഇയാളില്‍ നിന്നും 43,000 രൂപയും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. ലോകായുക്ത ഇൻസ്‌പെക്ടർ ശ്രീകാന്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മഹേന്ത ഗൗഡയെ പിടികൂടിയത്. ഇയാള്‍ക്കെതിരെ കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ലോകായുക്ത അറിയിച്ചു.
സര്‍ജറി നടത്താന്‍ കൈക്കൂലി വാങ്ങിയ ഡോക്‌ടര്‍ പിടിയില്‍: തൃശൂരില്‍ കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്‌ടറെ വിജിലന്‍സ് പിടികൂടി. തൃശൂർ മെഡിക്കൽ കോളജിലെ അസ്ഥി രോഗ വിഭാഗം ഡോക്‌ടർ ഷെറി ഐസക് ജൂലൈ 12-നാണ് പിടിയിലായത്. ഇയാള്‍ സ്വകാര്യ പ്രാക്‌ടീസ് നടത്തുന്ന വടക്കാഞ്ചേരി ഓട്ടുപാറയിലെ ക്ലിനിക്കിൽ വച്ച് രോഗിയുടെ ബന്ധുവില്‍ നിന്നും 3,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്.
തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള പാലക്കാട് സ്വദേശിയുടെ ഭാര്യയുടെ ഓപ്പറേഷൻ നടത്തുന്നതിന് വേണ്ടിയായിരുന്നു ഡോക്‌ടര്‍ ഷെറി ഐസക് കൈക്കൂലി ആവശ്യപ്പെട്ടിരുന്നത്. ആദ്യ ഘട്ടത്തില്‍ തുക നല്‍കാന്‍ പരാതിക്കാരന്‍ തയ്യാറായിരുന്നില്ല. ഇതോടെ പല പ്രാവശ്യം ഡോക്‌ടര്‍ പരാതിക്കാരന്‍റെ ഭാര്യയുടെ സര്‍ജറി മാറ്റിവച്ചു.
ഇതിന് പിന്നാലെയാണ് കൈക്കൂലിയായി ആവശ്യപ്പെട്ട പണം താന്‍ സ്വകാര്യ പ്രാക്‌ടീസ് ചെയ്യുന്ന വടക്കാഞ്ചേരി ഓട്ടുപാറയിലുള്ള ക്ലിനിക്കിൽ എത്തിക്കാന്‍ ആവശ്യപ്പെട്ടത്. ഇതോടെയാണ് പരാതിക്കാരന്‍ വിജിലന്‍സ് ഡിവൈഎസ്‌പി ജിം പോള്‍ സി ജിയെ വിവരം അറിയിച്ചത്. തുടര്‍ന്ന് പരാതിക്കാരന്‍ വിജിലന്‍സ് നിര്‍ദേശപ്രകാരം ഫിനോള്‍ഫ്‌തലിന്‍ പുരട്ടിയ നോട്ട് ക്ലിനിക്കിൽ എത്തി ഡോക്‌ടര്‍ക്ക് കെെമാറി. ഇതിനിടെയാണ് സമീപത്തുണ്ടായിരുന്ന വിജിലന്‍സ് ഉദ്യോഗസ്ഥര്‍ എത്തി ഡോക്‌ടറെ പിടികൂടിയത്.