ബെംഗളൂരു: കര്‍ണാടകയില്‍ ഹിജാബ് (ശിരോവസ്ത്രം) വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ഹൈക്കോടതി വിധി വരുന്നത് വരെ എല്ലാവരും സര്‍ക്കാര്‍ ഉത്തരവ് പാലിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഹിജാബ് ധരിക്കുന്നതിനുള്ള നിയന്ത്രണത്തെ ചോദ്യം ചെയ്‌ത് അഞ്ച് പെൺകുട്ടികൾ സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
'വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണ്, അത് അവിടെ തീരുമാനിക്കും...സമാധാനം പാലിക്കാന്‍ എല്ലാവരോടും ഞാൻ അഭ്യർഥിക്കുന്നു...കോടതി തീരുമാനിക്കുന്നത് വരെ എല്ലാവരും സംസ്ഥാന ഉത്തരവ് പാലിക്കണം,' ബസവരാജ് ബൊമ്മെ പറഞ്ഞു.
കഴിഞ്ഞ മാസം ഉഡുപ്പി ജില്ലയിലെ ഗവൺമെന്‍റ് ഗേൾസ് പിയു കോളജിൽ ഹിജാബ് ധരിച്ചതിന്‍റെ പേരിൽ ആറ് വിദ്യാർഥികള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു. ഹിജാബ് ധരിച്ച് കോളജിന്‍റെ ഡ്രസ് കോഡ് ലംഘിച്ചുവെന്നാണ് അധികൃതരുടെ വിശദീകരണം. ഇതിനെതിരെ വിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഹിജാബ് ധരിക്കുന്നത് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14, 25 പ്രകാരം ഉറപ്പുനൽകുന്ന മൗലികാവകാശമാണെന്നും, അത് ഇസ്‌ലാമിന്‍റെ അനിവാര്യമായ ആചാരമാണെന്നും അതുക്കൊണ്ട് അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ ഹർജി സമർപ്പിച്ചത്. ഇതിനിടെ, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യൂണിഫോമിന്‍റെ ഭാഗമല്ലാത്ത എല്ലാ വസ്‌ത്രധാരണവും വിലക്കി കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. വിദ്യാലയങ്ങളിലെ സമത്വത്തിന് കോട്ടമുണ്ടാക്കുന്ന വസ്‌ത്രധാരണം അനുവദിക്കില്ലെന്നുമാണ് ഉത്തരവില്‍ പറയുന്നത്.
ഹിജാബിന്‍റെ പേരില്‍ രാജ്യത്തെ പെണ്‍മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസത്തിനുള്ള അവസരം നിഷേധിച്ച് ഭാവി ഇല്ലാതാക്കുകയാണെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. കശ്‌മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്‌തി, ഉമര്‍ അബ്ദുല്ല എന്നിവരും ഹിജാബ് നിരോധനത്തിനെതിരെ രംഗത്തെത്തിയിരുന്നു.
Read more: ഹിജാബ് ധരിച്ച കോളജ് വിദ്യാർഥിനികള്‍ക്ക് ക്ലാസ് മുറിയിൽ പ്രവേശനം നിഷേധിച്ചു