ബെംഗളൂരു: കൊവിഡ് രോഗികളിൽ നിന്നും അമിത ചാർജ് ഈടാക്കുന്നുവെന്ന പരാതി വർധിക്കുന്ന സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികളിലെ ചികിത്സയ്‌ക്കും മറ്റു സേവനങ്ങൾക്കുമുള്ള നിശ്ചിത നിരക്ക് പ്രഖ്യാപിച്ച് കർണാടക സർക്കാർ. കർണാടകയിലെ നിലവിലെ മാർഗനിർദേശങ്ങൾ അനുസരിച്ച് സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സയ്‌ക്ക് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
നേരത്തെ കൊവിഡ് ചികിത്സയ്‌ക്കായി രോഗികൾക്ക് സ്വകാര്യ ആശുപത്രികളെ സമീപിക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്നു. എന്നാൽ പുതിയ ചട്ടങ്ങൾ അനുസരിച്ച് ഒരു കൊവിഡ് രോഗിയ്‌ക്ക് ഏതെങ്കിലുമൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറണം എന്നുണ്ടെങ്കിൽ സർക്കാർ ആശുപത്രിയിൽ നിന്നും റഫറൽ നേടേണ്ടതുണ്ട്. സർക്കാർ ആശുപത്രികളിലെ കിടക്കകൾ തികയാതെ വരുന്ന സാഹചര്യമുണ്ടെങ്കിൽ മാത്രം അധികൃതർ തന്നെ രോഗിയെ സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്യും.