ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസിന്‍റെ അത്യുഗ്രന്‍ തിരിച്ചുവരവിന് പലവിധ കാരണങ്ങള്‍ രാഷ്‌ട്രീയ നിരീക്ഷകര്‍ നിരത്തുന്നുണ്ടെങ്കിലും അതില്‍ പ്രധാനം പാര്‍ട്ടി മുന്നോട്ടുവച്ച അഞ്ച് വാഗ്‌ദാനങ്ങള്‍ തന്നെയാണ്. ഇവയൊന്നും തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലെ മോഹന വാഗ്‌ദാനങ്ങളല്ലെന്നും മറിച്ച് ജയിച്ചുകയറിയാല്‍ ആദ്യ മന്ത്രിസഭ യോഗത്തില്‍ തന്നെ പാലിക്കപ്പെടുമെന്നും ഉറപ്പുനല്‍കിയതോടെ കന്നഡ മനസ് വോട്ടായി മാറിയെന്നാണ് വിലയിരുത്തല്‍. തുടര്‍ഭരണം എന്ന ബിജെപി മോഹത്തിന് തടയിട്ടതും ഭരണം നിര്‍ണയിക്കുക തങ്ങളാകുമെന്ന ജെഡിഎസ് ആശകള്‍ തല്ലിതകര്‍ത്തതും ഈ അഞ്ച് സുന്ദര വാഗ്‌ദാനങ്ങള്‍ കൂടിയാണെന്ന് പറയാതിരിക്കാനാവില്ല.
വെറും വാഗ്‌ദാനങ്ങളല്ല, പഠിച്ച ശേഷം പ്രഖ്യാപിച്ചവ: പ്രകടന പത്രിക പുറത്തുവിടുന്നതിനും മുമ്പ് മുതിര്‍ന്ന നേതാക്കളും താരപ്രചാരകരുമായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, സംസ്ഥാന നേതാക്കള്‍ എന്നിവര്‍ പല വേദികളിലെ പല അവസരങ്ങളിലായാണ് ഈ ഉറപ്പുകള്‍ നല്‍കുന്നത്. രാഷ്‌ട്രീയ പൊടിക്കൈ മാത്രമായി മാറാതിരിക്കാന്‍ പ്രതിപക്ഷ നേതാവായിരുന്ന സിദ്ധരാമയ്യ, കെപിസിസി അധ്യക്ഷന്‍ ഡി.കെ ശിവകുമാർ, സംസ്ഥാനത്തിന്‍റെ ചുമതലയുള്ള രൺദീപ് സിങ് സുർജേവാല, പ്രചാരണ സമിതി ചെയർമാൻ എം.ബി പാട്ടീൽ, പ്രകടന പത്രിക ഡ്രാഫ്റ്റിങ് കമ്മിറ്റി ചെയർമാൻ ഡോ.ജി.പരമേശ്വർ എന്നിവർ ചേർന്ന് സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്‌തതിന് ശേഷമാണ് ഈ അഞ്ച് വാഗ്‌ദാനങ്ങള്‍ ഉറപ്പുകളായി മാറുന്നത്.
ബിജെപിയെ 'ഷോക്ക്' അടിപ്പിച്ച്: ഒരു വീടിന് 200 യൂണിറ്റ് സൗജന്യ വൈദ്യുതി എന്നതായിരുന്നു കോണ്‍ഗ്രസിന്‍റെ ആദ്യ പ്രഖ്യാപനം. ബെലഗാവിയിലെ ചിക്കോടിയില്‍ നടന്ന പ്രജാധ്വനി യാത്രയുടെ ഉദ്‌ഘാടന സമ്മേളനത്തിലാണ് കോണ്‍ഗ്രസ് ഈ ഉറപ്പ് നല്‍കുന്നത്. കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായ ഡി.കെ ശിവകുമാര്‍, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, ബി.കെ ഹരിപ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് ഈ പ്രഖ്യാപനം നടത്തുന്നത്.
ഉറപ്പുകള്‍ പലവിധം: ബെംഗളൂരു പാലസ് ഗ്രൗണ്ടില്‍ നടന്ന വനിത കണ്‍വന്‍ഷനിലാണ് കോണ്‍ഗ്രസിന്‍റെ രണ്ടാമത്തെ ഉറപ്പ് എത്തുന്നത്. സംസ്ഥാനത്തെ എല്ലാ വനിതകൾക്കും പ്രതിമാസം 2000 രൂപ സൗജന്യമായി നൽകുമെന്ന വാഗ്‌ദാനം എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യത്തിലാണ് പ്രഖ്യാപിക്കുന്നത്. സൗജന്യ അരിയായിരുന്നു കോണ്‍ഗ്രസ് പ്രഖ്യാപിച്ച മൂന്നാമത്തെ ഉറപ്പ്. 10 കിലോ ഗ്രാം വരെ അരി സൗജന്യമായി വിതരണം ചെയ്യുമെന്നും ബിപിഎല്‍ റേഷന്‍ കാര്‍ഡുള്ളവരെ ഇതിന്‍റെ പരിധിയില്‍ വരുത്തുമെന്നുമുള്ള ഈ ഉറപ്പിനും ഏറെ സ്വീകാര്യത ലഭിച്ചുവെന്ന് കരുതണം.
'കൈ'യ്യടിപ്പിച്ച് കോണ്‍ഗ്രസ്: കോണ്‍ഗ്രസ് മുന്നോട്ടുവച്ച നാലാമത്തെയും അഞ്ചാമത്തെയും ഉറപ്പ് പ്രഖ്യാപിക്കുന്നത് മുന്‍ അധ്യക്ഷന്‍ കൂടിയായ രാഹുല്‍ ഗാന്ധിയാണ്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ തൊഴിൽരഹിതരായ ബിരുദധാരികൾക്ക് യുവനിധി എന്ന പദ്ധതിയിലൂടെ ധനസഹായം നൽകാന്‍ ആലോചിക്കുന്നതായിരുന്നു ഈ പ്രഖ്യാപനം. ഇതുപ്രകാരം തൊഴിലില്ലാത്ത ബിരുദധാരികൾക്ക് പ്രതിമാസം 3,000 രൂപയും ഡിപ്ലോമ ബിരുദധാരികൾക്ക് പ്രതിമാസം 1,500 രൂപയും ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബെലഗാവിയില്‍ നടന്ന യുവക്രാന്തി കണ്‍വന്‍ഷനിലാണ് ഈ നാലാമത്തെ ഉറപ്പ് രാഹുല്‍ ജനങ്ങളെ അറിയിക്കുന്നത്. അധികാരത്തിലെത്തുന്ന ആദ്യ ദിവസം മുതല്‍ തന്നെ സ്ത്രീകൾക്ക് സൗജന്യ യാത്രാ സൗകര്യം ഒരുക്കുമെന്നതായിരുന്നു നിരയിലെ അഞ്ചാമത്തതും ഏറെ കയ്യടി നേടിയതുമായ ഉറപ്പ്.
അഞ്ചിലും ഒതുങ്ങാതെ: അതേസമയം ഈ അഞ്ച് വിപുലമായ പ്രഖ്യാപനങ്ങള്‍ക്കൊപ്പം അങ്കണവാടി ജീവനക്കാരുടെ ശമ്പളം 15,000 രൂപയായി ഉയർത്തുമെന്നും ആശാ വർക്കർമാരുടെ ശമ്പളം 8,000 രൂപയായി വർധിപ്പിക്കുമെന്ന ആറാമതായി പരിഗണിക്കാവുന്ന മറ്റൊരു ഉറപ്പും കോണ്‍ഗ്രസ് കര്‍ണാടക ജനതയ്‌ക്ക് മുന്നില്‍ വച്ചിരുന്നു. ഖാനാപൂരിൽ നടന്ന പൊതുപരിപാടിയില്‍ പ്രിയങ്ക ഗാന്ധിയായിരുന്നു ഈ ഉറപ്പ് നല്‍കുന്നത്. മാത്രമല്ല അര്‍സികെരെയിലെ പൊതുപരിപാടിയിലാണ് കര്‍ഷക ക്ഷേമം ഉന്നംവച്ചുള്ള കൃഷി നിധി എന്ന മറ്റൊരു പ്രഖ്യാപനവും എത്തുന്നത്. ഓരോ വർഷവും 30,000 കോടി രൂപ ബജറ്റിൽ കർഷകർക്കായി വിലയിരുത്തി കൊണ്ട്, അഞ്ച് വർഷം കൊണ്ട് കർഷകർക്കായി 1.5 ലക്ഷം കോടി രൂപ ബജറ്റിൽ വകയിരുത്തുമെന്നതായിരുന്നു രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച ഈ ഉറപ്പ്. ഇവയ്‌ക്കൊപ്പം തെങ്ങ്, അടക്ക കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില വര്‍ധിപ്പിക്കുമെന്നും, പാല്‍ സബ്‌സിഡി എട്ട് രൂപയില്‍ നിന്നും ഒമ്പത് രൂപയായി ഉയര്‍ത്തുമെന്നതും കോണ്‍ഗ്രസ് മുന്നോട്ടുവച്ച വാഗ്‌ദാനങ്ങളില്‍പെടുന്നു.
ജനഹിതം വോട്ടാക്കി മാറ്റി: എന്നാല്‍ വാഗ്‌ദാനങ്ങളില്‍ മാത്രം ഊന്നിയുള്ള ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് ഒതുങ്ങാതിരിക്കാനും കോണ്‍ഗ്രസ് ശ്രദ്ധിച്ചിരുന്നു. ബിജെപിയുടെ അഴിമതിയും, പദ്ധതി നടപ്പാക്കുന്നതിലെ കമ്മീഷന്‍ തട്ടലുമെല്ലാം ഉയര്‍ത്തി ഭരണവിരുദ്ധ വികാരം ആളികത്തിക്കാനും കോണ്‍ഗ്രസ് ശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്‌തു. ഇതിനൊപ്പം തൊഴിലില്ലായ്‌മ പോലുള്ള ജനകീയ വിഷയങ്ങളില്‍ കൂടി ശ്രദ്ധ ചെലുത്തിയതോടെ കര്‍ണാടകയില്‍ കോണ്‍ഗ്രസ് വിജയം എളുപ്പത്തിലുമായി.