ബെംഗളൂരു: കർണാടകയിൽ ദക്ഷിണാഫ്രിക്കൻ കൊവിഡ് വകഭേദം സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ്. വിദേശത്ത് നിന്നെത്തിയവരിൽ നടത്തിയ പരിശോധനയിൽ ഒരാൾക്ക് മാത്രമാണ് ദക്ഷിണാഫ്രിക്കൻ കൊവിഡ് വകഭേദം സ്ഥിരീകരിച്ചത്.
മാർച്ച് 10 വരെയുള്ള കണക്കനുസരിച്ച് ഇംഗ്ലണ്ടിൽ നിന്ന് മടങ്ങിയെത്തിയ 64 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുമായി പ്രാഥമിക സമ്പർക്കമുണ്ടായിരുന്ന 26 പേർക്കും പിന്നീട് ആർടി-പിസിആർ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു. 2020 ഡിസംബറിലാണ് ദക്ഷിണാഫ്രിക്കയിൽ കൊവിഡ് വകഭേദം കണ്ടെത്തിയത്. മുൻപ് 2020 സെപ്‌റ്റംബറിൽ ഇംഗ്ലണ്ടിലും ഒരു കൊവിഡ് വകഭേദം കണ്ടെത്തിയിരുന്നു. കർണാടകയിൽ 29 പേർക്ക് യുകെ കൊവിഡ് വകഭേദം സ്ഥിരീകരിക്കുകയും ചെയ്തു.
760 പേർക്കാണ് സംസ്ഥാനത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മാർച്ച് 10 വരെയുള്ള കണക്കസരിച്ച് സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 9,56,801 ആണ്.