ബെലഗാവി (കര്‍ണാടക): കർണാടക മന്ത്രി കെ.എസ് ഈശ്വരപ്പക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച കരാറുകാരന്‍ ബെലഗാവി സ്വദേശി സന്തോഷ് പാട്ടീലിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആരോപണവുമായി കുടുംബം രംഗത്ത്. സന്തോഷ് പാട്ടീലിന്‍റെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന് ഭാര്യ ജയശ്രീ പാട്ടീല്‍ ആരോപിച്ചു. ഭർത്താവിന്‍റെ മരണത്തിന് കാരണക്കാരനായ ഈശ്വരപ്പയെ ശിക്ഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
മന്ത്രി ഈശ്വരപ്പയുടെ അഴിമതിയെക്കുറിച്ച് ഭർത്താവ് തന്നോട് പറഞ്ഞിട്ടുണ്ടെന്നും 4 കോടി രൂപയുടെ ജോലിക്ക് തന്‍റെ ഭർത്താവിനോട് മന്ത്രി 40% കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജയശ്രീ പാട്ടീൽ ആരോപിച്ചു. 'വായ്‌പയെടുത്താണ് ഞങ്ങൾ വീട് ഉണ്ടാക്കിയത്. എന്‍റെ ഭർത്താവിന്‍റെ സ്വപ്‌ന ഭവനമായിരുന്നു അത്.
പദ്ധതി ബിൽ തുക കൈപ്പറ്റിയ ശേഷം ഗൃഹപ്രവേശ ചടങ്ങ് നടത്താനാണ് തീരുമാനിച്ചിരുന്നത്. ഇപ്പോള്‍ അദ്ദേഹം ഞങ്ങളെ വിട്ടുപോയി, എന്‍റെ മകൻ അനാഥനായി. ഞങ്ങൾക്ക് നീതി വേണം,' ജയശ്രീ പാട്ടീൽ പറഞ്ഞു.
'എന്‍റെ മകൻ ആത്മഹത്യ ചെയ്യില്ല. എന്‍റെ മകന്‍റെ മരണത്തിൽ നീതി വേണം,' സന്തോഷ് പാട്ടീലിന്‍റെ അമ്മ പാർവതമ്മ പ്രതികരിച്ചു. ഉഡുപ്പിയിലെ ഒരു ലോഡ്‌ജില്‍ ചൊവ്വാഴ്‌ച രാവിലെയാണ് സന്തോഷ് പാട്ടീലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഹിൻഡലഗ വില്ലേജിൽ 4 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയ റോഡ് പണിയുടെ ബില്ലുകൾ പാസാക്കുന്നതിനായി 40 ശതമാനം കമ്മീഷൻ നൽകാൻ ഈശ്വരപ്പ ആവശ്യപ്പെട്ടെന്നാണ് സന്തോഷ് പാട്ടീല്‍ പ്രധാനമന്ത്രിക്ക് പരാതി നൽകിയത്. ഇതോടെ കരാറുകാരനെതിരെ മന്ത്രി മാനനഷ്‌ടക്കേസ് ഫയൽ ചെയ്‌തു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്‌തിരുന്നു.
താൻ ആത്മഹത്യ ചെയ്യാൻ പോകുകയാണെന്നും മരണത്തിന് ഉത്തരവാദി ഈശ്വരപ്പയാണെന്നും ആരോപിച്ച് സന്തോഷ് പാട്ടീലിന്‍റേതെന്ന പേരില്‍ ഏതാനും മാധ്യമങ്ങൾക്ക് സന്ദേശങ്ങൾ ലഭിച്ചിരുന്നു. അതേസമയം, സന്തോഷ് പാട്ടീൽ ആരാണെന്ന് അറിയില്ലെന്നും അയാളുടെ മരണത്തിൽ തനിക്ക് പങ്കില്ലെന്നുമായിരുന്നു മന്ത്രി കെ.എസ് ഈശ്വരപ്പയുടെ പ്രതികരണം. വകുപ്പിന്‍റെ ചുമതലക്കാരൻ എന്ന നിലയിലാണ് സന്തോഷിനെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്‌തതെന്നും ഈശ്വരപ്പ വിശദീകരിച്ചിരുന്നു.
Read more: മന്ത്രി കെ എസ് ഈശ്വരപ്പക്കെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച കരാറുകാരൻ മരിച്ച നിലയിൽ