മൈസൂരു : കർണാടക കോൺഗ്രസ് വർക്കിങ് പ്രസിഡന്‍റും മുൻ എംപിയുമായ ആർ ധ്രുവനാരായണൻ (61) അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. ശനിയാഴ്‌ച പുലർച്ചെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ധ്രുവനാരായണനെ കാറിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചാമരാജ് നഗറിൽ നിന്ന് രണ്ട് തവണ എംഎൽഎയായും രണ്ട് തവണ എംപിയായും തെരഞ്ഞെടുക്കപ്പെട്ട ധ്രുവനാരായണന്‍റെ മരണത്തിൽ രാഷ്‌ട്രീയ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
മൈസൂരുവിലെ വിജയനഗറിലെ വീട്ടിൽ വച്ച് പുലർച്ചെയാണ് ധ്രുവനാരായണന് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടർന്ന് അദ്ദേഹത്തെ കാറിൽ 6.40 ഓടെ അടുത്തുള്ള ഡിആർഎംഎസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നേതാവിന്‍റെ മരണ വാർത്തയറിഞ്ഞ് കോണ്‍ഗ്രസ് നേതാക്കളും രാഷ്‌ട്രീയ പ്രമുഖരും ഉൾപ്പെടെ നിരവധി പേരാണ് ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടിയത്.
2023 മേയിൽ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ നഞ്ചൻകോട് നിയോജക മണ്ഡലത്തിൽ നിന്ന് മത്സരിക്കാനൊരുങ്ങുന്നതിനിടെയാണ് ധ്രുവനാരായണന്‍റെ അപ്രതീക്ഷിത വിയോഗം. 1983ലാണ് ധ്രുവനാരായണൻ കോണ്‍ഗ്രസിൽ ചേരുന്നത്. 1984ൽ എൻഎസ്‌യുഐ പ്രസിഡന്‍റായി. 1986ൽ യൂത്ത് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറിയായ അദ്ദേഹം ആദ്യമായി തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത് 1999ൽ ആയിരുന്നു.
ശാന്തേമരഹള്ളി നിയമസഭ മണ്ഡലത്തിൽ നിന്ന് മത്സരിച്ച അദ്ദേഹം പക്ഷേ തന്‍റെ കന്നി അങ്കത്തിൽ തോൽവി വഴങ്ങി. തുടർന്ന് 2004ൽ വീണ്ടും നിയമസഭയിലേക്ക് മത്സരിച്ച് ഒരു വോട്ടിന് വിജയിച്ചു. പിന്നാലെ 2008ൽ കൊല്ലേഗല നിയമസഭ മണ്ഡലത്തിൽ നിന്നും വിജയം നേടി. പിന്നീട് 2009ലും 2014ലും അദ്ദേഹം ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ രണ്ട് വർഷമായി കെപിസിസി വർക്കിങ് പ്രസിഡന്‍റായി സജീവമായി പ്രവർത്തിച്ച് വരികയായിരുന്നു ധ്രുവനാരായണൻ.
അതേസമയം ധ്രുവനാരായണന്‍റെ അകാല വിയോഗത്തിൽ നിരവധി നേതാക്കൾ അനുശോചനം രേഖപ്പെടുത്തി. 'മുൻ എംപിയും കെപിസിസി വർക്കിങ് പ്രസിഡന്‍റുമായിരുന്ന ധ്രുവനാരായണന്‍റെ നിര്യാണം ദുഃഖമുണ്ടാക്കി. അദ്ദേഹത്തിന്‍റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ. അദ്ദേഹത്തിന്‍റെ അനുയായികൾക്കും കുടുംബത്തിനും ഈ ദുഃഖം താങ്ങാൻ ദൈവം ശക്തി നൽകട്ടെ', മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ അനുശോചനം രേഖപ്പെടുത്തി.
എക്കാലവും പുഞ്ചിരിക്കുന്ന നേതാവ്: ധ്രുവനാരായണന്‍റെ മരണത്തിൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും കർണാടക ഇൻചാർജുമായ രൺദീപ് സിംഗ് സുർജേവാല അനുശോചനം രേഖപ്പെടുത്തി. 'എക്കാലവും പുഞ്ചിരിക്കുന്ന ഞങ്ങളുടെ സുഹൃത്തും കോൺഗ്രസിന്‍റെ ഏറ്റവും അർപ്പണബോധമുള്ള നേതാവുമായ ധ്രുവനാരായണന്‍റെ വിയോഗം നികത്താനാവാത്ത നഷ്‌ടമാണ്. തന്‍റെ രാഷ്‌ട്രീയ ജീവിതത്തിലുടനീളം സാധാരണക്കാരുടെ ആവശ്യത്തിനായി നിലകൊണ്ട നേതാവായിരുന്നു അദ്ദേഹം', സുർജേവാല പറഞ്ഞു.
ഞെട്ടലുണ്ടാക്കിയെന്ന് സിദ്ധരാമയ്യ: ആർ.ധ്രുവനാരായണന്‍റെ മരണം ഞെട്ടലുണ്ടാക്കിയെന്നാണ് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ട്വീറ്റ് ചെയ്‌തത്. പ്രിയ കോൺഗ്രസ് നേതാവും മുൻ എംപിയുമായ ധ്രുവനാരായണന്‍റെ പെട്ടെന്നുള്ള മരണം ഞെട്ടിച്ചു. അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു. അദ്ദേഹത്തിന്‍റെ ആത്മാവിന് ശാന്തി നേരുന്നു', സിദ്ധരാമയ്യ കുറിച്ചു.
മറ്റുള്ളവർക്ക് മാതൃകയെന്ന് കുമാരസ്വാമി: സംസ്ഥാന കോൺഗ്രസ് പാർട്ടിയുടെ വർക്കിങ് പ്രസിഡന്‍റും മികച്ച രാഷ്ട്രീയക്കാരനുമായ ആർ ധ്രുവനാരായണൻ ഹൃദയാഘാതം മൂലം മരിച്ചു എന്ന വാർത്ത കേട്ടപ്പോൾ ഞാൻ അഗാധമായ ഞെട്ടലിലാണ്. വളരെ സൗഹാർദ്ദപരമായ ഒരു മനുഷ്യൻ, അദ്ദേഹം വ്യത്യസ്‌തനായ ഒരു രാഷ്ട്രീയക്കാരനായിരുന്നു.
തോൽവികളെ ശാന്തമായി സ്വീകരിച്ച അദ്ദേഹം മറ്റുള്ളവർക്ക് മികച്ച മാതൃകയായിരുന്നു. നിയമസഭാംഗമായും ലോക്‌സഭാംഗമായും സംസ്ഥാനത്തിന് അക്ഷീണം സേവനം ചെയ്‌തു. അദ്ദേഹത്തെ നഷ്‌ടപ്പെട്ടതിൽ ഞാൻ വ്യക്തിപരമായി വളരെ ദുഃഖിതനാണ്. അദ്ദേഹത്തിന്‍റെ വിയോഗം നമ്മുടെ സംസ്ഥാനത്തിന് നികത്താനാവാത്ത നഷ്‌ടമാണ്, മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ട്വീറ്റ് ചെയ്‌തു.