ബെംഗളൂരു: പുതുതായി നിർമിച്ച ക്ലാസ് മുറികളിൽ കാവി നിറത്തിലുള്ള പെയിന്‍റ് അടിക്കുന്ന സംസ്ഥാന സർക്കാരിന്‍റെ വിവേക പദ്ധതിക്കെതിരെ കർണാടക കോൺഗ്രസ്. പദ്ധതിക്കെതിരെ സിഎം അങ്കിൾ എന്ന ഹാഷ്‌ടാഗിൽ കോൺഗ്രസ് കാമ്പയിൻ ആരംഭിച്ചു. ക്ലാസ് മുറികളിൽ കാവി നിറത്തിലുള്ള പെയിന്‍റ് അടിക്കുന്നതിന് പകരം കുട്ടികൾക്ക് ആദ്യം ശുചിമുറികൾ നിർമിച്ചു നൽകണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയോട് കോൺഗ്രസ് ആവശ്യപ്പെട്ടു.
സ്‌കൂൾ കുട്ടികൾക്ക് വേണ്ടി കാമ്പയിനിലൂടെ മുഖ്യമന്ത്രിയോട് കോൺഗ്രസ് ചോദ്യങ്ങൾ ഉന്നയിക്കുകയാണ്. "സംസ്ഥാനത്തുടനീളം സ്‌കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ പരിമിതമാണ്. കുട്ടികൾ ശുചിമുറിയില്ലാതെ ബുദ്ധിമുട്ടുകയാണ്. മുഖ്യമന്ത്രി അങ്കിളേ, സ്‌കൂൾ കെട്ടിടങ്ങൾക്ക് കാവി പെയിന്‍റ് അടിക്കുന്നതിനുമുമ്പ് ആദ്യം ശുചിമുറികൾ നിർമിക്കൂ, ശുചിത്വമുള്ള കുടിവെള്ളവും കുട്ടികളെ സ്‌കൂളിലേക്ക് ആകർഷിക്കുന്ന സൗകര്യങ്ങളും ഞങ്ങൾക്ക് തരൂ", കോൺഗ്രസ് ട്വിറ്ററിൽ കുറിച്ചു.
രാജ്യത്ത് വ്യാവസായിക, ശാസ്ത്ര വിപ്ലവത്തിന് തുടക്കം കുറിച്ച സ്വാമി വിവേകാനന്ദന്‍റെ പേരിലാണ് സംസ്ഥാന സർക്കാർ പദ്ധതി നടപ്പിലാക്കുന്നത്. എന്നാൽ വിദ്യാർഥികളിൽ ശാസ്ത്രബോധം വളർത്തുന്ന പദ്ധതികൾ നടപ്പിലാക്കാൻ മുഖ്യമന്ത്രി തയാറാകുന്നില്ലെന്നും കോൺഗ്രസ് ആരോപിച്ചു.
സംസ്ഥാനത്ത് ഉന്നത നിലവാരമുള്ള അധ്യാപനമില്ല, ഉച്ചഭക്ഷണമില്ല. ഇതിനെതിരെ എന്ത് നടപടിയാണ് സ്വീകരിക്കാൻ പോകുന്നത്? പോഷകാഹാരക്കുറവുള്ള കുട്ടികൾക്ക് മുട്ട നൽകുന്ന പദ്ധതി കൃത്യമായി നടപ്പാക്കുന്നില്ല. കൃത്യമായി മുട്ട വിതരണം ചെയ്യാൻ നടപടിയെടുക്കുക, മുട്ട വാങ്ങുന്നതിൽ അഴിമതി പാടില്ലെന്നും പാർട്ടി ആവശ്യപ്പെട്ടു.
"വിവേക പദ്ധതി" പ്രകാരം 8,100 ക്ലാസ് മുറികളാണ് കാവി നിറത്തിൽ പെയിന്‍റ് ചെയ്യുക. കൂടാതെ, പ്ലസ് ടു വരെയുള്ള വിദ്യാർഥികൾക്ക് മെഡിറ്റേഷൻ ക്ലാസുകളും ആരംഭിക്കാൻ കർണാടകയിലെ ബിജെപി സർക്കാർ പദ്ധതിയിടുന്നു.