ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് അധ്യക്ഷനും കന്നട മണ്ണിലെ സുശക്തനായ നേതാവുമായ ഡി.കെ ശിവകുമാറിന്‍റെ നാമനിർദേശ പത്രിക അംഗീകരിച്ചു. ശിവകുമാര്‍ സമര്‍പ്പിച്ച നാമനിർദേശ പത്രിക കനക്‌പൂര്‍ തെരഞ്ഞെടുപ്പ് ഓഫിസര്‍ സാധൂകരിക്കുകയും അംഗീകരിക്കുകയുമായിരുന്നു. ശിവകുമാറിന്‍റെ പത്രിക തെരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വീകരിച്ചതോടെ ഇനി എല്ലാ കണ്ണുകളും കനകപുര മണ്ഡലത്തില്‍ അദ്ദേഹവും ബിജെപി സ്ഥാനാര്‍ഥിയായ ആര്‍ അശോകും തമ്മിലുള്ള മത്സരത്തിലേക്കാവും.
പ്രശ്‌നങ്ങളെ മറികടക്കാന്‍: കനകപുരയില്‍ നിന്ന് ഏഴുതവണ ജനവിധി തേടി നിയമസഭയിലേക്ക് എത്തിയ ഡി.കെ ശിവകുമാര്‍ ഏപ്രില്‍ 17 നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. രാമനഗര ജില്ലയിലുള്ള തന്‍റെ നിയോജക മണ്ഡലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ അകമ്പടിയോടെ എത്തിയായിരുന്നു പത്രിക സമര്‍പണം. എന്നാല്‍ സ്വത്തുവിവരങ്ങളുമായും നികുതി വിവരങ്ങളുമായും ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന്‍റെ നാമനിര്‍ദേശ പത്രിക തള്ളാന്‍ കാരണമാകുമോ എന്ന് സംശയമുള്ളതിനാല്‍ തന്നെ, ഇദ്ദേഹത്തിന്‍റെ ജ്യേഷ്‌ഠന്‍ ഡി.കെ സുരേഷും മണ്ഡലത്തില്‍ പത്രിക സമര്‍പ്പിച്ചിരുന്നു. മുൻകരുതൽ എന്ന നിലയിൽ ബെംഗളൂരു റൂറലിൽ നിന്നുള്ള കോൺഗ്രസ് എംപി കൂടിയായ ഡികെ സുരേഷ് പത്രിക സമര്‍പ്പിച്ചിരുന്നുവെങ്കിലും, പത്രിക സമര്‍പ്പണത്തിന്‍റെ സമയപരിധി അവസാനിക്കുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പായിരുന്നു ഇത്.
സമ്പന്ന സ്ഥാനാര്‍ഥി: നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം ഡികെ ശിവകുമാര്‍ സമര്‍പ്പിച്ച സ്വത്തുവകകളുടെ വിവരങ്ങളും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. തനിക്ക് 1,414 കോടി രൂപയിലധികം ആസ്‌തിയുണ്ടെന്ന് 108 പേജുകളിലായാണ് ശിവകുമാര്‍ തെരഞ്ഞെടുപ്പ് കമ്മിഷന് മുന്നില്‍ അറിയിച്ചത്. ഇതില്‍ ഏകദേശം 1,214 കോടിയോളം രൂപ സ്വകാര്യ സ്വത്ത് ഇനത്തിലും, 133 കോടി രൂപ ഭാര്യ ഉഷയുടേതായും 66 കോടി രൂപ മകന്‍ ആകാശിന്‍റേതുമായ ആസ്‌തിയായുമാണ് ശിവകുമാര്‍ അറിയിച്ചിട്ടുള്ളത്. തന്‍റെ ആസ്‌തിയില്‍ 970 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളും 244 കോടി രൂപയുടെ പാരമ്പര്യ സ്വത്തുക്കളുമുള്ളതായും അറിയിച്ച അദ്ദേഹം, 226 കോടി രൂപയുടെ കടബാധ്യതയുള്ളതായും വ്യക്തമാക്കിയിരുന്നു.
ഏജന്‍സികളും തെരഞ്ഞെടുപ്പും: അതേസമയം കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ് തുടങ്ങിയ ആരോപണങ്ങൾ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന്‍റെയും (ഇ.ഡി) മറ്റ് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നേരിടുന്നയാളാണ് കോൺഗ്രസ് നേതാവായ ഡി.കെ ശിവകുമാര്‍. മാത്രമല്ല നാല് ദിവസങ്ങള്‍ക്ക് മുമ്പ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ശിവകുമാറിന് നോട്ടിസ് നല്‍കുകയും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. കനകപുരിയിലെത്തി സംഘം ശിവകുമാറിന്‍റെ സ്വത്ത് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്‌തിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു ശിവകുമാറിനൊപ്പം തന്നെ സഹോദരന്‍റെ പത്രിക കൂടി സമര്‍പ്പിച്ചുള്ള തന്ത്രപരമായ നീക്കത്തിലേക്ക് കോണ്‍ഗ്രസ് കടക്കുന്നത്. മാത്രമല്ല ഇതെല്ലാം ബിജെപിയുടെ പകപോക്കല്‍ രാഷ്‌ട്രീയമാണെന്നായിരുന്നു ഡി.കെ ശിവകുമാറിന്‍റെയും കോണ്‍ഗ്രസിന്‍റെയും മറുപടി.
മണ്ഡലം ഇങ്ങനെ: വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ നിലവിലെ റവന്യു മന്ത്രിയും വൊക്കലിഗ സമുദായത്തില്‍പെട്ടയാളുമായ ആർ അശോകനെയാണ് ബിജെപി മണ്ഡലത്തില്‍ ഡി.കെ ശിവകുമാറിനെതിരെ മത്സരിപ്പിക്കുന്നത്. കനകപുര നിയോജക മണ്ഡലത്തിൽ 60 ശതമാനം വോട്ടർമാരും വൊക്കലിഗ സമുദായത്തിൽ നിന്നുള്ളവരാണ് എന്നതുതന്നെയായിരുന്നു ബിജെപിയുടെ ഈ നീക്കത്തിന് കാരണം. എന്നാല്‍ മണ്ഡലം രൂപീകൃതമായതില്‍ പിന്നെ ചുരുക്കം തവണ ജനതാദള്‍ സെക്കുലര്‍ വിജയിച്ചതൊഴിച്ചാല്‍ 1989 മുതല്‍ കോണ്‍ഗ്രസിന്‍റെ ഉറച്ച കോട്ടയാണ് കനകപുര. അതേസമയം വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കനകപുര എങ്ങനെ വിധിയെഴുതുമെന്നത് തെളിയാന്‍ മെയ് മൂന്നിലെ ഫലപ്രഖ്യാപനം വരെ കാത്തിരിക്കേണ്ടിയിരിക്കുന്നു.