ബെംഗളൂരു : കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ (Karnataka chief minister Siddaramaiah) സിഎം ഓഫ് കർണാടക എന്ന പേരിൽ വാട്‌സ്‌ആപ്പ് ചാനലുമായി ജനങ്ങൾക്കിടയിലേക്ക്. കഴിഞ്ഞ ജൂണിലാണ് വാട്‌സ്ആപ്പ്, (WhatsApp) ചാനൽ രൂപത്തിൽ ആളുകളോടു സംവദിക്കാനുള്ള ഫീച്ചറുമായി രംഗത്തു വരുന്നത് (WhatsApp Channel). ഇതിനോടകം വാട്‌സ് ആപ്പിന്‍റെ ഈ ഫീച്ചർ (WhatsApp New feature) 150ഓളം രാജ്യങ്ങളിൽ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് പൊതു ജനങ്ങളോടു സംവദിക്കാൻ ആദ്യമായി ഇത്തരത്തിൽ തയ്യാറായി മുന്നോട്ടു വരുന്നത്. സെപ്‌റ്റംബർ 12ന് ആരംഭിച്ച ചാനലിന് ഇതിനോടകം 50,000 സബ്‌സ്‌ക്രൈബേഴ്‌സുണ്ട്. സർക്കാരിന്‍റെ പ്രവർത്തനങ്ങൾ ജനങ്ങളുടെ വിരൽ തുമ്പിൽ എത്തിക്കുക എന്നതാണ് ഈ വാട്‌സ്‌ആപ്പ് ചാനലിന്‍റെ പ്രധാന ലക്ഷ്യം.
വാട്‌സ്‌ആപ്പ് ചാനൽ വിഭാഗത്തിൽ സെർച്ച് ചെയ്‌ത് ആർക്കു വേണമങ്കിലും ചാനലിന്‍റെ വരിക്കാരാവുന്നതാണ്. മുഖ്യമന്ത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് ഇതിലൂടെ അറിയാൻ സാധിക്കും. മുഖ്യമന്ത്രിയുടെ പ്രവർത്തനങ്ങൾ ഈ ചാനലിലൂടെ പങ്കുവയ്‌ക്കുക മാത്രമല്ല, ചാനലിൽ ലൈക്ക് ചെയ്യാനും ജനങ്ങൾക്ക് അവസരമുണ്ട്. സിദ്ധരാമയ്യ സർക്കാരിന്‍റെ നേട്ടങ്ങൾ ചാനലിലൂടെ പങ്കുവയ്‌ക്കുന്നതിനൊടപ്പം ജനങ്ങളുമായി നിരന്തരമായ സമ്പർക്കം പുലർത്താനും ഇതിലൂടെ ശ്രമിക്കുന്നുണ്ട്.