ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ വെള്ളിയാഴ്‌ച പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തും. കർണാടക മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് ശേഷമുള്ള ബൊമ്മെയുടെ ആദ്യ ഡൽഹി സന്ദർശനമാണിത്. മറ്റ് കേന്ദ്രമന്ത്രിമാരുമായും ബസവരാജ് ബൊമ്മെ കൂടിക്കാഴ്‌ച നടത്തും. ജൂലൈ 28ന് കർണാടകയിലെ 23-ാമത്തെ മുഖ്യമന്ത്രിയായാണ് ബസവരാജ് ബൊമ്മെ ചുമതലയേറ്റത്. ചൊവ്വാഴ്‌ച നടന്ന നിയമസഭ പാര്‍ട്ടി യോഗത്തില്‍ ഏകകണ്ഠമായാണ് ബസവരാജ ബൊമ്മെയെ പുതിയ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.
ബി.എസ് യെദ്യൂരപ്പ സർക്കാരിൽ ആഭ്യന്തര മന്ത്രിയായിരുന്ന ബൊമ്മെ ലിംഗായത്ത് സമുദായത്തിൽ നിന്നുള്ള എംഎൽഎയാണ്. ജനതാ പരിവാർ നേതാവായിരുന്ന ബസവരാജ ബൊമ്മെ 2008ലാണ് ബിജെപിയില്‍ ചേർന്നത്. മൂന്ന് തവണ നിയമസഭയിലേക്കും രണ്ട് തവണ കൗണ്‍സിലിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബൊമ്മെയുടെ പിതാവ് എസ് ആർ ബൊമ്മെ കർണാടക മുന്‍ മുഖ്യമന്ത്രിയാണ്.
കർണാടകയിൽ ബിജെപി സര്‍ക്കാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്‍റെ ചടങ്ങിലാണ് മുഖ്യമന്ത്രിയായിരുന്ന യെദ്യൂരപ്പ രാജി പ്രഖ്യാപിച്ചത്. തുടർന്ന് ഗവര്‍ണറെ കണ്ട് യെദ്യൂരപ്പ രാജിക്കത്ത് കൈമാറി. സംസ്ഥാനത്ത് 2023ൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് എല്ലാ തരത്തിലുമുള്ള പാർട്ടി പ്രവർത്തനങ്ങളിലും പങ്കാളിയാകുമെന്ന് യെദ്യൂരപ്പ വ്യക്തമാക്കിയിരുന്നു.
READ MORE: ബിഎസ് യെദ്യൂരപ്പ രാജിവച്ചു; വികാരാധീനനായി പ്രഖ്യാപനം