ബെംഗളൂരു: കർണാടകയിൽ വോട്ടെണ്ണൽ പൂര്‍ത്തിയായപ്പോള്‍ കേവലഭൂരിപക്ഷത്തേക്കാള്‍ ഉയര്‍ന്ന സീറ്റുകള്‍ നിലനിര്‍ത്തി കോണ്‍ഗ്രസ്. 135 സീറ്റുകളാണ് പാര്‍ട്ടി സ്വന്തമാക്കിയത്. ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുണ്ടായിരുന്ന ബിജെപി സര്‍ക്കാര്‍ തുടര്‍ഭരണം പ്രതീക്ഷിച്ചിരുന്നെങ്കിലും 66 സീറ്റുകളില്‍ മാത്രമായി പാര്‍ട്ടി ഒതുങ്ങി.
ജെഡിഎസ് 19 സീറ്റുകളിലും മറ്റുള്ളവർ നാല് സീറ്റുകളിലുമാണ് വിജയം കൈവരിച്ചത്. കെപിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാറും കോണ്‍ഗ്രസിന്‍റെ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും മുന്‍ ആഭ്യന്തരമന്ത്രി കെജെ ജോര്‍ജും വന്‍ വിജയമാണ് നേടിയത്. ജെഡിഎസിന്‍റെ ബി നാഗരാജുവിനെ 1,22,392 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ തൂത്തെറിഞ്ഞാണ് ഡികെയുടെ വിധാന്‍സൗദ പ്രവേശനം. ബിജെപി വിട്ട് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച മുന്‍ മുഖ്യമന്ത്രി ലക്ഷ്‌മണ്‍ സാവ്‌ഡി ജയിച്ചു.
ALSO READ | ഏശാതെ ബിജെപിയുടെ 'ഡബിള്‍ എഞ്ചിന്‍' ; വോട്ടായത് കോണ്‍ഗ്രസ് അഴിച്ചുവിട്ട '40% കമ്മിഷന്‍ സര്‍ക്കാര്‍' പ്രചാരണം
എന്നാല്‍, ബിജെപി വിട്ടെത്തിയ ജഗദിഷ് ഷെട്ടാറിന് തോല്‍വിയാണ് നേരിടേണ്ടിവന്നത്. ജെഡിഎസ് നേതാവ് കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാര സ്വാമി, ഹിജാബ് നിരോധനം നടപ്പാക്കിയ വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷിന് കനത്ത തോല്‍വിയാണുണ്ടായത്. ജയിച്ച മുഴുവന്‍ കോണ്‍ഗ്രസ് സ്ഥാനാർഥികളോട് ബെംഗളൂരുവിലെത്താൻ ഡികെ ശിവകുമാർ ആവശ്യപ്പെട്ടിട്ടുണ്ട്. 224 മണ്ഡലങ്ങളില്‍ 2613 പേരാണ് മത്സരിച്ചത്.