ന്യൂഡൽഹി: സമീപ കാലത്തെ തെരഞ്ഞെടുപ്പുകളിലെ കോൺഗ്രസിന്‍റെ മോശം പ്രകടനം പരിശോധിക്കണമെന്ന് കോൺഗ്രസിലെ മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കപിൽ സിബൽ. അസമിലും കേരളത്തിലും പരാജയപ്പെടുകയും പശ്ചിമ ബംഗാളിൽ പാർട്ടിക്ക് ഒരു സീറ്റ് പോലും ലഭിക്കാനാകാത്ത പശ്ചാതലത്തിലാണ് കപിൽ സിബലിന്‍റെ അഭിപ്രായം.
അതേ സമയം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ എല്ലാ പാർട്ടികളും ഒരുമിച്ച് നിന്ന് പ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പും പകർച്ചവ്യാധിയും രണ്ട് വ്യത്യസ്‌തമായ കാര്യങ്ങളാണ്. കൊവിഡ് എന്നത് ജീവൻ മരണ പോരാട്ടമാണെന്നും ഈ പോരാട്ടത്തിൽ നമ്മൾ വിജയിക്കുമെന്നാണ് പ്രധാനമന്ത്രി പറയേണ്ടതെന്നും കപിൽ സിബൽ പറഞ്ഞു. കോൺഗ്രസിലെ വിമത ജി -23 ക്യാമ്പിന്‍റെ ഭാഗമായ കപിൽ സിബൽ സംഘടനാ നവീകരണം ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം ഓഗസ്‌റ്റിൽ സോണിയ ഗാന്ധിക്ക് കത്തയച്ചിരുന്നുവെന്നും വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് ഫലങ്ങൾ ആശങ്കയുണ്ടാക്കുന്നതാണെന്നും എന്നാൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് ഇപ്പോൾ പ്രാധാന്യം നൽകേണ്ടതെന്നും അദ്ദേഹം അറിയിച്ചു. അതേ സമയം മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചതിനാലാണ് മമത ബാനർജിയെ ഝാൻസി കി റാണി എന്ന് വിളിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.