ബെംഗളൂരു: കന്നഡ സൂപ്പര്‍ താരം പുനീത് രാജ്‌കുമാറിന്‍റെ (46) മൃതദേഹം സംസ്‌കരിച്ചു. പൂർണ സംസ്ഥാന ഔദ്യോഗിക ബഹുമതികളോടെയാണ് ഞായറാഴ്‌ച രാവിലെ ചടങ്ങുകള്‍ നടന്നത്. അച്ഛന്‍ രാജ്‌കുമാറിന്‍റെയും അമ്മ പാർവതമ്മ രാജ്‌കുമാറിന്‍റെയും ശവകുടിരം സ്ഥിതി ചെയ്യുന്ന കണ്ഡീരവ സ്റ്റുഡിയോയിലാണ് മൃതദേഹം അടക്കം ചെയ്‌തത്. സിനിമ, രാഷ്ട്രീയ രംഗത്തെ പ്രമുഖർ ഉൾപ്പടെ പതിനായിരങ്ങളാണ് അന്ത്യാഞ്ജലി അർപ്പിക്കാന്‍ എത്തിയത്.
ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവുകൂടിയായ പുനീതിന്‍റെ മൃതദേഹത്തിനു മുന്‍പില്‍ പൊലീസ് മൂന്ന് റൗണ്ട് ആചാര വെടിമുഴക്കി. തുടർന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ദേശീയ പതാക പുതപ്പിച്ചു. രണ്ടുദിവസമായി കണ്ഡീരവ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹം രാവിലെ 5:30 ന് സ്റ്റുഡിയോയിലേക്ക് വിലാപയായത്രയായി എത്തിക്കുകയായിരുന്നു. ഏകദേശം ഒരു മണിക്കൂറെടുത്താണ് മൃതദേഹം സ്റ്റുഡിയോയില്‍ എത്തിയത്.
ALSO READ: 'വെന്‍റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ശരീരം പ്രതികരിച്ചില്ല' ; പുനീതിനെ പരിശോധിച്ച ഡോക്‌ടർ പറയുന്നു
അമേരിക്കയിലുള്ള പുനീതിന്‍റെ മകള്‍ എത്തിച്ചേരുന്നതിന് വേണ്ടി മാറ്റിവച്ചതായിരുന്നു സംസ്‌കാര ചടങ്ങ്. ഒക്‌ടോബര്‍ 29 ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് താരത്തിന്‍റെ മരണം സംഭവിച്ചത്. രാത്രി മുതല്‍ ആരോഗ്യം മോശമായിരുന്നുവെങ്കിലും രാവിലെ ജിമ്മിലെത്തി പതിവുപോലെ അദ്ദേഹം വര്‍ക്കൗട്ട് ചെയ്‌തിരുന്നു. ഇതിനിടെയില്‍ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് താരത്തെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.