ന്യൂഡൽഹി: കോൺഗ്രസ് വർക്കിങ് പ്രസിഡന്‍റായി മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന കമൽ നാഥിനെ പരിഗണിക്കുന്നു. കോൺഗ്രസിലെ വൻ അഴിച്ചുപണികളെകുറിച്ച് സൂചനകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ നിലവിലെ കോൺഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധിയുമായി കമൽ നാഥ് കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെയാണ് പുതിയ പ്രസിഡന്‍റായി കമൽ നാഥിനെ നിയമിക്കാൻ സാധ്യതയുണ്ടെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
യോഗത്തിൽ സോണിയ ഗാന്ധിക്കും കമൽ നാഥിനും പുറമെ പ്രിയങ്ക ഗാന്ധിയും പങ്കെടുത്തിരുന്നു. സൂചനകൾ പ്രകാരം എത്രയും പെട്ടന്ന് തന്നെ കോൺഗ്രസ് പുതിയ പാർട്ടി പ്രസിഡന്‍റിനായുള്ള തെരഞ്ഞെടുപ്പ് നടത്താനാണ് സാധ്യത. പാർലമെന്‍റിന്‍റെ മൺസൂൺ സെഷന് ശേഷം കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗം ചേരാനും സാധ്യതയേറെയാണ്.
Also Read: ഐപിഎസില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക്: തമിഴ്‌നാട് ബിജെപി അധ്യക്ഷനായി കെ. അണ്ണാമലൈ
വർക്കിങ് കമ്മിറ്റി യോഗത്തിന് ശേഷം ഓഗസ്റ്റിൽ എഐസിസി പ്ലീനറി സെഷനും ഉണ്ടായേക്കും. സംഘടനയിൽ മികച്ച സ്ഥാനമുള്ള കമൽ നാഥിനാണ് കോൺഗ്രസ് വർക്കിങ് പ്രസിഡന്‍റായി സ്ഥാനം ലഭിക്കാൻ സാധ്യതയെന്നാണ് കോൺഗ്രസ് കേന്ദ്രങ്ങൾ നല്‍കുന്ന സൂചന.
ചില ഗ്രൂപ്പ് അംഗങ്ങളും കോൺഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധിയുമായി നിലനിന്നിരുന്ന പ്രശ്‌നങ്ങൾ ഒത്തുതീർപ്പാക്കുന്നതിൽ കമൽ നാഥ് നിർണായക പങ്ക് വഹിച്ചിരുന്നതായും വാർത്തകൾ പുറത്തുവരുന്നുണ്ട്. ഗാന്ധി കുടുംബത്തിന്‍റെ തന്നെ അടുത്ത സുഹൃത്തായാണ് കമൽ നാഥിനെ കണക്കാക്കുന്നത് എന്നതും അദ്ദേഹത്തിന്‍റെ സാധ്യതകൾ വർധിപ്പിക്കുന്നതാണ്.
കോൺഗ്രസ് ട്രഷറർ അഹമ്മദ് പട്ടേലിന്‍റെ നിര്യാണത്തിനുശേഷം കമൽ നാഥ് പാർട്ടിക്കുള്ളിലെ ചില പ്രധാന ഉത്തരവാദിത്തങ്ങളും നിറവേറ്റി വരുന്നുണ്ട്. മുൻ കേന്ദ്രമന്ത്രിയായിരുന്ന അദ്ദേഹം ഒൻപത് തവണ പാർലമെന്‍റേറിയനും ആയിരുന്നു.