ഭോപ്പാൽ: സംസ്ഥാനത്ത് കൊവിഡ് മരണങ്ങളുടെ വിവരങ്ങൾ സർക്കാർ മറച്ചുവയ്‌ക്കുകയാണെന്ന് ആരോപിച്ച് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽ നാഥ്. കഴിഞ്ഞ രണ്ട് മാസങ്ങളിലായി സംസ്ഥാനത്തൊട്ടാകെ ഒരു ലക്ഷത്തിലധികം പേർ കൊവിഡ് ബാധിച്ച് മരിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്‌ത 26 ജില്ലകളുടെ വിവരങ്ങളും മറ്റ് ജില്ലകളിൽ നിന്ന് ശേഖരിച്ച വിവരങ്ങളും അനുസരിച്ച് മാർച്ച്, ഏപ്രിൽ മാസങ്ങളിലായി 1,27,000 മൃതദേഹങ്ങൾ ശ്‌മശാനങ്ങളിൽ എത്തി. അവയിൽ 80 ശതമാനവും കൊവിഡ് ബാധിതരാണെന്നും കണ്ടെത്തി. ഔദ്യോഗിക വിവരങ്ങൾ അനുസരിച്ച് സംസ്ഥാനത്തെ കൊവിഡ് മൂലമുള്ള മരണസംഖ്യ 7,394 ആണെന്നും എന്നാൽ സംസ്ഥാന സർക്കാർ ഈ വിവരങ്ങൾ മറച്ചുവയ്‌ക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
കൊവിഡ് അനുബന്ധ വിവരങ്ങൾ മറച്ചുവയ്‌ക്കുന്നത് വഴി സർക്കാർ പ്രശ്‌നങ്ങൾ കൂടുതൽ ഗുരുതരമാക്കുകയാണ് ചെയ്യുന്നത്. സർക്കാർ കൊവിഡുമായല്ല മറിച്ച് വിമർശനങ്ങളുമായാണ് പോരാടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമങ്ങളെ വിമർശിച്ച കമൽ നാഥ് മാധ്യമങ്ങൾ സർക്കാരുടെ മുഖം രക്ഷിക്കാൻ നോക്കുകയാണെന്നും ഇതുമായി ബന്ധപ്പെട്ട് ചില മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പറഞ്ഞു. രാജ്യം കൊവിഡിനെതിരെ ശക്തമായി പോരാടുകയാണെന്ന് പ്രധാനമന്ത്രി അവകാശപ്പെടുമ്പോഴും 6.7 കോടി വാക്സിൻ ഡോസുകൾ അദ്ദേഹം മറ്റ് രാജ്യങ്ങളിൽ കയറ്റുമതി ചെയ്യുകയാണുണ്ടായതെന്നും മുൻ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം കോൺഗ്രസ് നേതാവ് കൊവിഡ് വകഭേദത്തെ ഇന്ത്യൻ വകഭേദമെന്ന് നാമകരണം ചെയ്‌തുവെന്ന് സംസ്ഥാന സർക്കാർ ആരോപിച്ചു. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) കൊറോണ വൈറസിന്‍റെ ബി.1.617 വകഭേദത്തെ ഇന്ത്യൻ വകഭേദമെന്ന് നാമകരണം ചെയ്‌തിട്ടില്ലെന്നും അദ്ദേഹത്തിന്‍റെ പ്രസ്താവന രാജ്യത്തെ അപമാനിക്കുന്നതാണെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ വ്യക്തമാക്കി. അതേസമയം സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 67,625 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
Also Read: യാസ് ചുഴലിക്കാറ്റ്: പ്രധാനമന്ത്രിയുടെ അവലോകന യോഗം ഇന്ന്