കല്ലാക്കുറിച്ചി (തമിഴ്‌നാട്) : കല്ലാക്കുറിച്ചിയിലെ പ്ലസ് ടു വിദ്യാർഥിയുടെ മരണവുമായി ബന്ധപ്പെട്ട് സ്‌കൂളിലെ രണ്ട് അധ്യാപകരെ കസ്റ്റഡിയിലെടുത്തതായി പൊലീസ്. ഗണിതം, രസതന്ത്രം എന്നീ വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകരെയാണ് കസ്റ്റഡിയിലെടുത്തത്. ഇരുവരും പഠനത്തിന്‍റെ പേരിൽ തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് 17കാരിയായ പ്ലസ് ടു വിദ്യാർഥി ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നു.
ഇരുവരെയും അറസ്റ്റ് ചെയ്യണമെന്ന് പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. തുടർന്ന് ഞായറാഴ്‌ച രാവിലെ നാട്ടുകാരും ബന്ധുക്കളും വിദ്യാർഥികളും പ്രതിഷേധവുമായി സ്‌കൂളിലേക്ക് എത്തി.
സ്‌കൂളിന് മുമ്പിലേക്ക് സംഘടിച്ചെത്തിയ സമരക്കാർ ബാരിക്കേഡ് തകർത്ത് സ്‌കൂൾ കോമ്പൗണ്ടില്‍ പ്രവേശിച്ചു. തുടര്‍ന്ന് ശക്തമായ കല്ലേറുണ്ടായി, നിർത്തിയിട്ടിരുന്ന നിരവധി ബസുകൾ തകർക്കുകയും തീയിടുകയും ചെയ്‌തു. പൊലീസ് വാനും അഗ്നിക്കിരയാക്കി. അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേക്ക് വെടിവയ്ക്കുയായിരുന്നു.
അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം 300ഓളം പേരെ കസ്റ്റഡിയിലെടുത്തിരുന്നു. സ്‌കൂൾ മാനേജ്മെന്‍റിൽ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്ന രണ്ട് പുരുഷന്മാരെയും ഒരു സ്ത്രീയെയും ഉൾപ്പടെ 70 പേരുടെ അറസ്റ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തി.
ചിന്നസേലം കണിയാമൂർ പ്രദേശത്തെ സ്വകാര്യ സ്‌കൂളിലെ 12-ാം ക്ലാസ് വിദ്യാർഥിയെ ജൂലൈ 13നാണ് ഹോസ്റ്റൽ വളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോസ്റ്റലിന്‍റെ മൂന്നാം നിലയിലെ മുറിയിൽ താമസിക്കുകയായിരുന്ന പെൺകുട്ടി താഴേക്ക് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണത്തിന് മുൻപ് പെൺകുട്ടിക്ക് പരിക്കേറ്റിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു. അതിനാൽ മരണം ആത്മഹത്യയല്ലെന്നും സത്യം പുറത്തുകൊണ്ടുവരണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം.