കലബുറഗി (കർണാടക): സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് അഭിഭാഷകയും സാമൂഹിക പ്രവർത്തകയുമായ യുവതിയെ റോഡിൽ വച്ച് കൊലപ്പെടുത്തി യുവാക്കൾ. കലബുറഗിയിലെ ജൻജാം കോളനി നിവാസിയായ മജത് സുൽത്താനാണ് (35) ദാരുണമായി കൊല്ലപ്പെട്ടത്. കലബുറഗി നഗരത്തിലെ ഹഗരഗ ക്രോസിന് സമീപം ബുധനാഴ്‌ച (22.03.23) ഉച്ചയോടെയാണ് കൊലപാതകം നടന്നത്.
യുവതി സഞ്ചരിച്ച ഇരുചക്ര വാഹനത്തിൽ കാറിടിച്ച് വീഴ്‌ത്തിയ ശേഷം തലയിൽ കല്ലെറിഞ്ഞ പ്രതികൾ ക്രൂരമായി കൊല നടത്തുകയായിരുന്നുവെന്ന് യൂണിവേഴ്‌സിറ്റി പൊലീസ് പറഞ്ഞു. അസിം ഗൗണ്ടി, വസീം ഗൗണ്ടി, നയീം, നദീം എന്നിവരാണ് കൊലപാതകം നടത്തിയതെന്ന് ആരോപിച്ച മജത് സുൽത്താന്‍റെ ഭർത്താവായ സദ്ദാം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സ്വത്ത് തർക്കമാണ് അരുകൊലയ്‌ക്ക് കാരണമെന്നും സദ്ദാം നൽകിയ പരാതിയിൽ പറയുന്നു.
സദ്ദാമിന്‍റെ സഹോദരൻമാരാണ് പ്രതികളായ നയീം, നദീം എന്നിവർ. ' ഞങ്ങൾ സഹോദരൻമാർക്കിടയിൽ സ്വത്ത് സംബന്ധിച്ച് തർക്കമുണ്ടായിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ സ്വന്തമായി ചാനലുകൾ നടത്തുന്ന അസിം ഗൗണ്ടിയും വസീം ഗൗണ്ടിയും ഈ തർക്കത്തിൽ പ്രതികളെ സഹായിക്കുകയാണ്. സ്വത്ത് സംബന്ധിച്ച തർക്കത്തിൽ ഇവർ ഞങ്ങൾക്കെതിരെ മുൻപ് പരാതി നൽകിയപ്പോൾ ഞങ്ങൾ രണ്ട് തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഈ കൊലപാതകത്തിന്‍റെ പശ്ചാത്തലത്തിൽ പരാതി നൽകിയിട്ടും ഇവർക്കെതിരെ ഒരു നടപടിയും പൊലീസിന്‍റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല'. സദ്ദാം ആരോപിച്ചു.
സ്വത്ത് തർക്കത്തെ തുടർന്ന് സദ്ദാമും ഭാര്യ മജത് സുൽത്താനും മാറ്റൊരു പ്രദേശത്തേക്ക് താമസം മാറിയിരുന്നു. ബുധനാഴ്‌ച വീടൊഴിഞ്ഞ ഇവർ വാഹനത്തിൽ സാധനങ്ങൾ കൊണ്ടുപോകുന്നതിനിടെയാണ് കൊലപാതകം. പ്രതികൾ സഞ്ചരിച്ച കാറിന് മുന്നിലായി ഇരുചക്രവാഹനത്തിൽ യാത്ര ചെയ്‌തിരുന്ന മജത് സുൽത്താനയെ കാറിടിച്ച് വീഴ്‌ത്തുകയും, ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ സുൽത്താനയെ പ്രതികൾ കല്ലെറിഞ്ഞ് കൊലപ്പെടുത്തി.
പോലീസ് കമ്മിഷണർ ചേതൻ ആർ, ഡിസിപി അദ്ദുരു ശ്രീനിവാസലു, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ യുവതി കൊല്ലപ്പെട്ട സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. ഇവർക്കൊപ്പം ഡോഗ് സ്ക്വാഡും വിരലടയാള സംഘവും സ്ഥലത്തെത്തി പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്. കൊലപാതകത്തിൽ യൂണിവേഴ്‌സിറ്റി പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം പുരോഗമിക്കുകയാണ്.
കൊലപാതകത്തെക്കുറിച്ച് ഡിസിപി അദ്ദുരു ശ്രീനിവാസലുവിന്‍റെ വാക്കുകൾ ഇങ്ങനെ ' യുവതിയുടെ കൊലപാതക വിവരം അറിഞ്ഞയുടൻ സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. മരണപ്പെട്ട യുവതി അഭിഭാഷകയാണെന്നാണ് അറിയാൻ കഴിഞ്ഞത്. അജ്ഞാതരുടെ സംഘമാണ് കൊല നടത്തിയത്. എങ്ങനെയാണ് കൊലപാതകം നടത്തിയത്? ഇതിന് പിന്നിലെ കാരണം എന്തൊക്കെയാണ് എന്ന് അന്വേഷണത്തിൽ പുറത്തുവരും'.
'യുവതിയുടെ ഭർത്താവിനെ ചോദ്യം ചെയ്തപ്പോൾ ഇയാൾ ചില ആരോപണങ്ങൾ ഉന്നയിച്ചു. ഭർത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യും. എഫ് എസ് എൽ സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടുസാധനങ്ങൾ ഇരുചക്ര വാഹനത്തിൽ മാറ്റുന്നതിനിടെയാണ് കൊലപാതകം നടന്നതെന്നാണ് അറിയുന്നത്' - ഡിസിപി പറഞ്ഞു.