ഹൈദരാബാദ്: ഡല്‍ഹി മദ്യ നയവുമായി ബന്ധപ്പെട്ട കേസില്‍ ബിആര്‍എസ് എംഎല്‍സിയും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്‍റെ(കെസിആര്‍) മകളുമായ കെ കവിതയേയും സിബിഐ ഉടന്‍ തന്നെ അറസ്‌റ്റ് ചെയ്യുമെന്ന് തെലങ്കാനയില്‍ നിന്നുള്ള ബിജെപി നേതാവും മുന്‍ എംപിയും ആയ വിവേക്. പ്രസ്‌തുത കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇന്നലെ സിബിഐ അറസ്‌റ്റ് ചെയ്‌തിരുന്നു.
ഡല്‍ഹിയിലെ മദ്യ കുംഭകോണത്തില്‍ കൂടുതല്‍ അറസ്‌റ്റുണ്ടാവാനുള്ള സാധ്യതകള്‍ ഉണ്ടെന്നും കവിത ഉടന്‍ തന്നെ അറസ്‌റ്റ് ചെയ്യപ്പെടും എന്നുമായിരുന്നു വിവേകിന്‍റെ പ്രതികരണം. പഞ്ചാബിലെയും ഗുജറാത്തിലെയും ആംആദ്‌മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി കവിത 150 കോടി രൂപ നല്‍കിയെന്നും വിവേക് ആരോപിച്ചു.
ഡല്‍ഹി മദ്യ നയവുമായി ബന്ധപ്പെട്ട അഴിമതി കേസിലെ ഇഡിയുടെ ചാര്‍ജ്‌ഷീറ്റില്‍ കെ കവിതയുടെ പേരും ഉള്‍പ്പെട്ടിട്ടുണ്ട്. ഡല്‍ഹി മദ്യ നയത്തിന്‍റെ ഗുണഭോക്താവായ ഒരു മദ്യ കമ്പനിയില്‍ കെ കവിതയ്‌ക്ക് 65 ശതമാനം ഓഹരികള്‍ ഉണ്ടെന്ന് ചാര്‍ജ് ഷീറ്റില്‍ ഇഡി ആരോപിക്കുന്നു. പ്രസ്‌തുത മദ്യ നയം പിന്നീട് ആപ്പ് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.
ബിആര്‍എസിനെതിരെ അഴിമതി ആരോപണം: കെസിആറിന്‍റെ നേതൃത്വത്തിലുള്ള തെലങ്കാന സര്‍ക്കാര്‍ അഴിമതികൊണ്ട് കുത്തഴിഞ്ഞിരിക്കുകയാണെന്നും വിവേക് ആരോപിച്ചു. തെലങ്കാനയില്‍ ബിആര്‍എസിന്‍റെ അസ്‌ഥിത്വം തന്നെ ഇല്ലാതാകും. തെലങ്കാന രാഷ്‌ട്രസമിതി ആരംഭിച്ചപ്പോള്‍ അതിന് ഒരു ഫണ്ടും ഉണ്ടായിരുന്നില്ല.
ഇപ്പോള്‍ മറ്റ് എല്ലാ പാര്‍ട്ടികളേക്കാളും കുടുതല്‍ നിക്ഷേപം അതിനുണ്ട്. ഈ പണം ഒക്കെ എവിടെ നിന്ന് വരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് വാഗ്‌ദാനം ചെയ്‌ത ഒരു കാര്യവും കെസിആര്‍ പാലിച്ചിട്ടില്ലെന്നും വിവേക് ആരോപിച്ചു.
എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഇന്നലെയാണ് മനീഷ് സിസോദിയയെ സിബിഐ അറസ്‌റ്റ് ചെയ്യുന്നത്. ബിജെപിയുടെ 'വൃത്തികെട്ട' രാഷ്‌ട്രീയമെന്നാണ് ഇതിനോട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രതികരിച്ചത്. "മനീഷ് നിരപരാധിയാണ്. അദ്ദേഹത്തിന്‍റെ അറസ്‌റ്റ് വൃത്തികെട്ട രാഷ്‌ട്രീയമാണ്. മനീഷിന്‍റെ അറസ്‌റ്റില്‍ ജനങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധമുണ്ട്", അരവിന്ദ് കെജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.